അപ്പിള്‍ ഐ ഫോണുകള്‍ വന്‍ പ്രതിസന്ധിയില്‍

ബെയ്ജിംഗ്‌: ആപ്പിള്‍ ഐ ഫോണ്‍ ചരിത്രത്തില്‍ ആദ്യമായി വന്‍ പ്രതിസന്ധിയിലേക്ക്. ടേബിള്‍ടോപ്പ് മോഡലില്‍ പിന്നില്‍ മൂന്ന് ക്യാമറ അടക്കം നിരവധി പ്രത്യേകതകള്‍ ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പിന് ഉണ്ടെങ്കിലും ആപ്പിള്‍ ഐ ഫോണ്‍ 2019 പ്രതിസന്ധി നേരിടുകയാണ്. ആപ്പിളിന്റെ ഐ ഫോണ്‍ നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ശൃംഖലകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

മുമ്പത്തേക്കാള്‍ കുറവാണ് ഇത്തവണ ആപ്പിളിന് ലഭിച്ച ഓര്‍ഡര്‍ എന്നാണ് ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആപ്പിള്‍ തങ്ങളുടെ പുതിയ മോഡലിന്റെ വലിയ തോതിലുള്ള ഉത്പാദനം ആദ്യം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാണ്.

അതേ സമയം ഇത്തരം ഒരു നിഗമനത്തില്‍ ആപ്പിള്‍ എത്തിയത് സ്വഭാവികമാണെന്നും റിപ്പോര്‍ട്ടുണ്ട്. അവതരിപ്പിച്ച നാള്‍ മുതല്‍ ആപ്പിളിന് ഏറ്റവും കൂടുതല്‍ ആദായമെത്തിച്ച ഉത്പന്നമായിരുന്നു ആപ്പിള്‍ ഐ ഫോണ്‍. ഈ വര്‍ഷം രണ്ടാം ക്വാര്‍ട്ടറിലെ ആപ്പിളിന്റെ വരുമാന റിപ്പോര്‍ട്ടില്‍ എന്നാല്‍ ഇത് മാറിമറിഞ്ഞു.

വിവിധ കാരണങ്ങള്‍ മൂലം ഐ ഫോണ്‍ വില്‍പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് ലോകമെമ്പാടും കാണുന്നത്. കമ്പനിയുടെ ചരിത്രത്തില്‍ ഒരു ഉത്പന്നത്തിന് ഒരു വര്‍ഷത്തിലുണ്ടാകുന്ന ഏറ്റവും വലിയ ആദായ ഇടിവാണ് ഇത്. ആപ്പിളില്‍ ലഭിക്കുന്ന പല ഫീച്ചറുകളും മറ്റ് ചൈനീസ് ഫോണുകളില്‍ ലഭിക്കുന്നതും ആപ്പിളിന്റെ പ്രതിസന്ധിക്ക് കാരണമാണ്.

Top