ആപ്പിള്‍ ജിപിറ്റി വരുന്നു; നിക്ഷേപകർ ആവേശത്തിൽ

ടെക്‌നോളജി പ്രേമികള്‍ക്കിടയില്‍ വിസ്മയം വിതറിയ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിറ്റി പുറത്തുവന്ന ശേഷം ഉയരുന്ന ഒരു ചോദ്യമുണ്ട്: ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനി എന്ന് അഭിമാനിക്കുന്ന ആപ്പിളിന്റെ എഐ സേവനം എവിടെ? ഗൂഗിളും, മൈക്രോസോഫ്റ്റും ഒക്കെഎഐ സേവനങ്ങള്‍ക്കു പിന്നാലെ പായുമ്പോഴും, ആപ്പിള്‍ മാത്രം ഇക്കാര്യത്തില്‍ അനക്കമില്ലാതെ തുടരുകയാണ് എന്ന പ്രതീതിയാണ് ഇതുവരെ ലഭിച്ചുവന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ നിശബ്ദമായി തങ്ങളുടെ എഐ വികസിപ്പിക്കല്‍ പദ്ധതിക്കു തുടക്കമിട്ടിരിക്കുകയാണിപ്പോള്‍. അത് എന്തു പേരിലാണ് അറിയപ്പെടാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. പക്ഷെ, ചില ആപ്പിള്‍ എഞ്ചിനിയര്‍മാര്‍ അതിനെ വിശേഷിപ്പിക്കുന്നത് ആപ്പിള്‍ ജിപിറ്റി എന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആപ്പിള്‍ ജിപിറ്റിയെപ്പറ്റിയുള്ള ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ച ഉടനെ കമ്പനിയുടെ ഓഹരി വില 2.3 ശതമാനം ഉയര്‍ന്ന്, 198.23 ഡോളറില്‍ എത്തി റെക്കോഡ് ഇട്ടു. എഐയുടെ കാര്യത്തില്‍ ആപ്പിളിന്റെ മാന്ദ്യം ഉടന്‍ പരിഹരിക്കപ്പെട്ടേക്കുമെന്നതാണ് നിക്ഷേപകര്‍ക്ക് ആവേശം വര്‍ദ്ധിക്കാന്‍ ഇടവരുത്തിയത്. കമ്പനിയുടെ വോയസ് അസിസ്റ്റന്റ് ആയ സിരിക്ക് മടി ബാധിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, വളരെയധികം കരുതലോടെയാണ് ആപ്പിള്‍ എഐ മേഖലയിലേക്ക് കടക്കുന്നത്. നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക് പ്രതികരിച്ചത്. താന്‍ ചാറ്റ്ജിപിറ്റി ഉപയോഗിക്കുന്നുണ്ടെന്നും, ഗുഡ് മോണിങ് അമേരിക്കയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ആപ്പിള്‍ ആരാധകര്‍ക്കും നിക്ഷേപകര്‍ക്കും മാത്രമല്ല, എഞ്ചിനിയര്‍മാര്‍ക്കും എഐയുടെ കാര്യത്തില്‍ ആപ്പിളിന്റെ അനങ്ങാപ്പാറ നയത്തിന്റെ കാര്യത്തില്‍ ഉത്കണ്ഠയുണ്ടായിരുന്നു. കാരണം അടുത്ത തലമുറ ഉപകരണങ്ങളുടെ കേന്ദ്രസ്ഥാനത്ത് എത്താന്‍ പോകുന്നത്എഐ ആയിരിക്കും എന്നൊരു ചിന്തയ്ക്ക് പ്രചാരം സിദ്ധിച്ചുവരികയാണ് എന്നതായിരുന്നു. അയാകസ് (Ajax) ഫ്രെയ്ംവര്‍ക്ക് ഉപയോഗിച്ച് ചാറ്റ്ജിപിറ്റിക്കു സദൃശ്യമായ ടൂളുകള്‍ പ്രയോജനപ്പെടുത്തിയാണ് ആപ്പിള്‍ തങ്ങളുടെ എഐ മോഡല്‍ വികസിപ്പിച്ചു തുടങ്ങിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍പറയുന്നു.

സേര്‍ച്, സിരി, മാപ്‌സ് എന്നീ വിഭാഗങ്ങളില്‍ ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ത്തന്നെ പ്രകടമാണത്രെ. അയാക്‌സ് ഉപയോഗിച്ച് ഇപ്പോള്‍ ലാര്‍ജ് ലാംഗ്വെജ് മോഡലുകള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍. ആപ്പിളിന്റെ എഐ ചാറ്റ്‌ബോട്ട് ആപ്പ് കമ്പനിക്കുളളില്‍ ചെറിയൊരുകൂട്ടം എഞ്ചിനിയര്‍മാര്‍ മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോഴത് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കായി തുറന്നു നല്‍കി. ഇപ്പോഴും മേലധികാരികള്‍ സമ്മതം നല്‍കിയാല്‍ മാത്രമെ ആപ്പിള്‍ ഉദ്യോഗസ്ഥര്‍ക്ക് അത് പരീക്ഷിക്കാന്‍ സാധിക്കൂ എന്നാണ് റിപ്പോര്‍ട്ട്പറയുന്നത്.

സ്വന്തമായി ചാറ്റ്ജിപിറ്റിക്കു സമാനമായ ടൂളുകള്‍ വികസിപ്പിക്കാന്‍ കൊറിയന്‍ ബിസിനസ് ഭീമന്‍ സാംസങ് ഇലക്ട്രോണിക്‌സും നടപടികള്‍ തുടങ്ങി. മറ്റു കമ്പനികളുടെ എഐ ആപ്പുകള്‍ ഉപയോഗിച്ചാല്‍ കമ്പനിക്കുള്ളിലെ രഹസ്യങ്ങളും പുറത്താവില്ലേ എന്ന പേടിയാണ് സാംസങിനെ ഈ വഴി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നതത്രെ. അതേസമയം, ആപ്പിളിന്റെ എഐ സേവനം, ചാറ്റ്ജിപിറ്റി, ബാര്‍ഡ്, ബിങ് എഐയില്‍ ലോകം പരിചയപ്പെട്ട ടെക്‌നോളജി പുന:സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, അതിനപ്പുറത്തേക്ക് കടന്നിട്ടില്ലെന്നും ഏതാനും ആപ്പിള്‍എഞ്ചിനിയര്‍മാര്‍ പറഞ്ഞു. കൂടാതെ, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുമായി ഒരു വലിയ കരാറിലേര്‍പ്പെടുന്ന കാര്യവും ആപ്പിള്‍ പരിഗണിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പിള്‍ ഇന്ത്യയ്ക്ക് സംഭവബഹുലമായ ഒരു വര്‍ഷമായി തീരുകയാണ് 2023. ആദ്യത്തെ ആപ്പിള്‍ സ്‌റ്റോറുകള്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുന്നതു മുതല്‍, ടാറ്റ ഐഫോണ്‍ നിര്‍മ്മാണ കമ്പനിയാകുന്നതു വരെ പല കാര്യങ്ങളും ഈ വര്‍ഷത്തെ വ്യത്യസ്തമാക്കുന്നു. ഇപ്പോള്‍ സിഎന്‍ബിസി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ വില്‍പ്പനയുടെ കാര്യത്തില്‍ ലോകത്തെ അഞ്ചാമത്തെ വലിയ മാര്‍ക്കറ്റായി മാറിയിരിക്കുകയാണ് രാജ്യം. അമേരിക്ക, യുകെ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യന്‍ ഐഫോണ്‍ വിപണി. ജൂണിലെ കണക്കു പ്രകാരം ജര്‍മ്മനിയെയും ഫ്രാന്‍സിനെയും പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും ഇന്ത്യയില്‍ ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവാണ്-ഏകദേശം 5.1 ശതമാനം.

Top