കൊറോണ; ചൈനയിലൊഴികെ ലോകമെമ്പാടുമുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ച് ആപ്പിള്‍

കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ചൈനയിലെ പ്രധാന നഗരങ്ങളിലൊഴികെ ലോകത്തൊട്ടാകെയുള്ള ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ അടയ്ക്കുന്നു. മാര്‍ച്ച് 27വരെ റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ചിടുമെന്നാണ് സിഇഒ ടിം കുക്ക് അറിയിച്ചിരിക്കുന്നത്.

‘മാര്‍ച്ച് 27 വരെ ഗ്രേറ്റര്‍ ചൈനയ്ക്ക് പുറത്തുള്ള ഞങ്ങളുടെ എല്ലാ റീട്ടെയില്‍ സ്റ്റോറുകളും ഞങ്ങള്‍ അടച്ചിരിക്കും,” ആപ്പിള്‍ സിഇഒ ടിം കുക്ക് കമ്പനിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തു.

എന്നാൽ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ വെബ്സൈറ്റ് വഴിയും ഓൺലൈൻ കസ്റ്റമർ സപ്പോർട്ട് വഴിയും ഉൽപ്പന്നങ്ങൾ വാങ്ങാം.

ആഗോള കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനും തടയാനുമായി 15 മില്യൺ യുഎസ് ഡോളർ നൽകാൻ തയാറാണെന്നും കമ്പനി അറിയിച്ചു. കൊറോണയെ തുടർന്ന് ആപ്പിളിന്റെ ചൈനയിലെ സ്റ്റോറുകൾ രണ്ടുമാസമായി അടഞ്ഞുകിടക്കുകയായിരുന്നു.തുടര്‍ന്ന് 42 ബ്രാന്‍ഡഡ് സ്റ്റോറുകള്‍ വെള്ളിയാഴ്ച വീണ്ടും തുറന്നു പ്രവര്‍ത്തിച്ചിരുന്നു.

ചൈനയ്ക്കുപുറത്ത് 460 സ്ഥലങ്ങളിലാണ് ആപ്പിളിന് റീട്ടെയില്‍ ഷോറൂമുകളുള്ളത്. യുഎസില്‍മാത്രം 270 സ്റ്റോറുകളാണുള്ളത്.

ലോകാരോഗ്യ സംഘടന കൊറോണ മാഹാമാരിയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ നേരത്തെതന്നെ അടച്ചിരുന്നു.

ലോകമെമ്പാടുമുള്ള 138,000ത്തിലധികം ആളുകള്‍ക്ക് രോഗം ബാധിക്കുകയും 5,000 ത്തിലധികം പേര്‍ ഇതിനകം കൊറോണ ബാധയേറ്റ് മരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണാധീതമായി ആഗോളതലത്തില്‍ രോഗം വ്യാപിക്കുന്നത് കൊണ്ട്
പല മേഖലകളും അടച്ചിടുകയും പല പൊതു പരിപാടികളും റദ്ദാക്കുകയും ചെയ്യുന്നുണ്ട്.

Top