കൊറോണ; ആഗോളതലത്തില്‍ രണ്ട് കോടി മാസ്‌ക്കുകള്‍ വിതരണം ചെയ്തു: ആപ്പിള്‍ സി.ഇ.ഒ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ രണ്ട് കോടി മാസ്‌ക്കുകള്‍ വിതരണം ചെയ്തതായി ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. തങ്ങളുടെ വിതരണ ശൃംഖല മുഖേനയാണ് ഇത് സാധ്യമായതെന്നും നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ‘കസ്റ്റം ഫേസ് ഷീല്‍ഡ്’ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍പറഞ്ഞു.

നേരത്തെ ടിം കുക്ക് കോടിക്കണക്കിന് നൂതന മുഖ കവചം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു.

അമേരിക്കയിലും യൂറോപ്പിലുമായി ആരോഗ്യ രംഗത്തുള്ളവര്‍ക്കുള്ള മാസ്‌ക് ഡിസൈന്‍ ചെയ്യാനും നിര്‍മിക്കാനും കയറ്റിയയ്ക്കാനും ഞങ്ങളുടെ ഡിസൈന്‍, എഞ്ചിനീയറിങ്, പാക്കേജിങ് ടീമുകള്‍ വിതരണക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതില്‍, ആദ്യത്തെ ബാച്ച് കാലിഫോര്‍ണിയ സാന്റ ക്ലാരയിലെ കൈസര്‍ ആശുപത്രിയിലേക്ക് ഷിപ്പ് ചെയ്തു. ഒരു ബോക്‌സില്‍ 100 എണ്ണം എന്ന നിലക്കാണ് പാക്കേജ്. വെറും രണ്ട് മിനിറ്റ് കൊണ്ട് ഓരോ പാര്‍ട്ടുകളും സംയോജിപ്പിച്ച് ഉപയോഗിച്ചു തുടങ്ങാം. ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച് ഏത് രീതിയിലേക്കും ക്രമീകരിക്കാവുന്ന രീതിയിലാണ് ഇത്തരം ഫേസ് ഷീല്‍ഡുകളുടെ നിര്‍മാണമെന്നും ടിം കുക്ക് അറിയിച്ചു.

Top