യു.എസിന്റെ ‘റൈറ്റ് ടു റിപ്പയര്‍’ നിയമത്തിന് പിന്തുണയറിയിച്ച് ആപ്പിള്‍; ഇ-വേസ്റ്റും, ചെലവും കുറയും

ലോകത്തെ വന്‍കിട സാങ്കേതിക വിദ്യാ സ്ഥാപനങ്ങളിലൊന്നായ ആപ്പിള്‍ യുഎസിന്റെ റിപ്പയര്‍ അവകാശ ബില്ലിന് പിന്തുണയറിയിച്ചു. വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ അത് അറ്റകുറ്റപ്പണി നടത്തുന്നത് സങ്കീര്‍ണമാണെന്നും ചെലവേറിയതാണെന്നും ഉപഭോക്താക്കളില്‍ നിന്ന വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎസ് നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. നിയമത്തിന് പിന്തുണയറിയിച്ച ആപ്പിള്‍, തങ്ങളുടെ ഐഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കുമുള്ള അനുബന്ധഭാഗങ്ങളും ഉപകരണങ്ങളും നിര്‍മിക്കുമെന്നും അവ അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്നും വ്യക്തമാക്കി.

രാജ്യത്തെമ്പാടുമുള്ള റിപ്പയര്‍ ഷോപ്പുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുകയും ചെയ്യും. ഈ നീക്കം മറ്റു കമ്പനികളും അനുകരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേടുവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുഗമമായ അറ്റകുറ്റപ്പണി സാധ്യമാകാതെ വരുമ്പോള്‍ ആളുകള്‍ പലപ്പോഴും അവ ഉപേക്ഷിച്ച് പുതിയത് വാങ്ങുകയാണ് ചെയ്യുന്നത്. ഇത് ഇ-വേസ്റ്റുകള്‍ വര്‍ധിക്കുന്നതിനും കാരണമാവുന്നു.

ഫോണുകള്‍ക്ക് മാത്രമല്ല മറ്റ് പലവിധ ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ക്കും സുഗമമായ സര്‍വീസ് ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. അംഗീകൃത സര്‍വീസ് സെന്ററുകള്‍ വഴി മാത്രം സേവനം ലഭ്യമാകുമ്പോള്‍ അത് ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യം സ്വതന്ത്ര റിപ്പയര്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തേയും ബാധിക്കുന്നു. ആപ്പിളിന്റെ പുതിയ തീരുമാനത്തിലൂടെ സ്വതന്ത്ര റിപ്പയര്‍ ഷോപ്പുകാര്‍ക്ക് ഐഫോണുകളും ആപ്പിളിന്റെ മറ്റ് ഉപകരണങ്ങളും എളുപ്പം റിപ്പയര്‍ ചെയ്യാനും അതിന് ആവശ്യമായ ഘടക ഭാഗങ്ങള്‍ എളുപ്പം ലഭ്യമാകുന്നതിനും അവസരമൊരുക്കും.

Top