അപ്പീലുമായി ഹൈക്കോടതിയിൽ: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. നടന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റ നീക്കം. അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുള്ള 133 പേജ് നീണ്ട അപേക്ഷയാണ് ദിലീപ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂലൈ 29ന് ആണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. 17 ആവശ്യങ്ങളാണ് ദിലീപ് പ്രധാനമായും സുപ്രീംകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
ഇതിനിടെ കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ച സാഹചര്യത്തിലാണ് നീക്കം. നിലവില്‍ വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന നിലപാടിലാണ് അതിജീവിത. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Top