നിങ്ങളുടെ സമീപത്ത് കൂടി ഒരു ഡ്രോണ്‍ പറക്കുന്നുണ്ടോ?; പുതിയ ആപ്പുമായി ഡിജെഐ

നിങ്ങളുടെ സമീപത്ത് കൂടി ഒരു ഡ്രോണ്‍ പറക്കുന്നുണ്ടോയെന്നറിയാന്‍ പുതിയൊരു ആപ്പ്. ലോകത്തെ പ്രമുഖ ഡ്രോണ്‍ നിര്‍മാതാക്കളും ചൈനീസ് കമ്പനിയുമായ ഡിജെഐയാണ് ഡ്രോണ്‍ ടു ഫോണ്‍ ആപ്പ് എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഡ്രോണുകള്‍ അടുത്തിടെ പലയിടത്തും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഡിജെഐയുടെ ഈ പുതിയ നീക്കം.

വൈഫൈ പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട്ഫോണ്‍ ഉള്ള ആര്‍ക്കും സമീപത്ത് പറക്കുന്ന ഡ്രോണുകളുടെ വിവരങ്ങള്‍ ആക്സസ് ചെയ്യാം. ഓരോ ഡ്രോണിന്റെയും ഐഡി ലഭ്യമാക്കുന്നതിലൂടെ, ഈ ഡ്രോണ്‍ എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്നും ആരുടേതാണെന്നും ഇതിന്റെ പ്രവര്‍ത്തനക്ഷമതയെന്താണെന്നുമൊക്കെ തിരിച്ചറിയാനാവും.

ഡ്രോണിന്റെ ഉയരം, വേഗത, സ്ഥാനം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആക്സസ് ചെയ്യാവുന്ന വിധത്തിലാണ് ഡിജെഐ ആപ്പ് വികസിപ്പിക്കുന്നത്.

ഡിജെഐ 2017 ല്‍ എയ്റോസ്‌കോപ്പ് എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരുന്നു. നിരവധി മൈലുകള്‍ വരെ ദൂരം വാഗ്ദാനം ചെയ്യുന്ന വളരെ ശക്തമായ ഒരു സംവിധാനമായിരുന്നു ഇത്. മറ്റ് ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ ഈ സംവിധാനം നിരസിച്ചുവെങ്കിലും, ജയിലുകള്‍, സ്റ്റേഡിയങ്ങള്‍, വിമാനത്താവളങ്ങള്‍, കാര്‍ ഡീലര്‍ഷിപ്പുകള്‍ എന്നിവപോലും അനധികൃത ഡ്രോണ്‍ ഉപയോഗം കണ്ടെത്തുന്നതിന് ഇപ്പോഴുമിത് ഉപയോഗിക്കുന്നു. എന്നാല്‍ ഡ്രോണ്‍ ടു ഫോണ്‍ ആപ്പ് കുറച്ചുകൂടി കാര്യക്ഷമതയുള്ള കൂടുതല്‍ ജനപ്രദമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Top