കശ്മീർ ഫയൽസിൽ ക്ഷമ പറഞ്ഞ് ഇസ്രയേൽ അംബാസഡർ

ഡൽഹി ∙ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘ദ് കശ്മീർ ഫയൽസി’നെ ഉൾപ്പെടുത്തിയതിനെ വിമർശിച്ച ഇസ്രയേലി ചലച്ചിത്രകാരൻ നാദവ് ലാപിഡിനെ വിമർശിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നാഒർ ഗിലോൺ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഗിലോൺ ഇന്ത്യയോട് ക്ഷമ പറഞ്ഞിട്ടുമുണ്ട്.

കശ്മീർ‌ ഫയൽസിനെ പ്രചാരവേലാ ചിത്രമെന്നും അശ്ലീലമെന്നും വിശേഷിപ്പിച്ച ലാപിഡ്, ചലച്ചിത്ര മേളയുടെ ജൂറി പാനലിലേക്ക് അദ്ദേഹത്തെ ക്ഷണിച്ച ഇന്ത്യയെ അപമാനിച്ചുവെന്ന് ഗിലോൺ കുറ്റപ്പെടുത്തി. ‘‘ഞാനൊരു ചലച്ചിത്ര വിദഗ്ധനല്ല, പക്ഷേ ചരിത്രസംഭവങ്ങളെപ്പറ്റി ആഴത്തിൽ പഠിക്കാതെ സംസാരിക്കുന്നത് മര്യാദകേടും വിവേകശൂന്യവുമാണെന്ന് എനിക്കറിയാം. ഇന്ത്യക്ക് ഇപ്പോഴും അതൊരു മുറിവാണ്. കാരണം അതിനാൽ ബാധിക്കപ്പെട്ടവർ ഇപ്പോഴും ഇവിടെയുണ്ട്. അവരിപ്പോഴും അതിനു വില കൊടുക്കുന്നുമുണ്ട്. ജൂതവംശഹത്യയെയും അതു പ്രമേയമായ സിനിമ ‘ഷിൻഡ്‌‌ലേഴ്സ് ലിസ്റ്റി’നെയും ലാപിഡ് സംശയിക്കുന്നു എന്ന മട്ടിൽ ഇന്ത്യയിൽ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. അതെന്നെ വേദനിപ്പിക്കുന്നു. ലാപിഡിന്റെ വാക്കുകൾക്ക് ന്യായീകരണമില്ല. ഞാൻ അതിനെ അപലപിക്കുന്നു.’’ ഗിലോൺ പറഞ്ഞു. ഒരു മനുഷ്യൻ എന്ന നിലയിൽ താൻ ലജ്ജിക്കുന്നെന്നും ലാപിഡിന്റെ മോശം പെരുമാറ്റത്തിന് ഇന്ത്യയോട് മാപ്പു പറയുന്നെന്നും ഗിലോൺ വ്യക്തമാക്കി.

ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്ന വിശദീകരണവുമായി ചലച്ചിത്രമേളയുടെ ജൂറി ബോർഡും രംഗത്തെത്തിയിരുന്നു. സിനിമയുടെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ നിലവാരവും സാമൂഹിക, സാംസ്കാരിക പ്രസക്തിയും പരിശോധിക്കുകയായിരുന്നു ജൂറി എന്ന നിലയിൽ തങ്ങളുടെ ചുമതലയെന്നും ഒരു സിനിമയെപ്പറ്റിയുമുള്ള രാഷ്ട്രീയ പരാമർശങ്ങളെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും അങ്ങനെ വന്നാൽ അത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബോർഡ് പറഞ്ഞു.

ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിലായിരുന്നു രാജ്യാന്തര മത്സര വിഭാഗത്തിന്റെ ജൂറി തലവൻ കൂടിയായിരുന്ന ലാപിഡിന്റെ വിമർശനം. ‘‘രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യമുള്ളവയുമായിരുന്നു. അവയെപ്പറ്റി ചർച്ചയുണ്ടായി. എന്നാൽ 15-മത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും– ‘ദ് കശ്മീർ ഫയൽസ്’. അത് ഒരു പ്രൊപ്പഗൻഡയായി തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അപരിഷ്കൃത സിനിമയായി തോന്നി’’– പാലിജ് പറഞ്ഞു.
the-kashmir-files-film-poster

ലാപിഡിന്റെ പരാമർശത്തെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ നടക്കുന്നുണ്ട്. ‘‘ദൈവം അദ്ദേഹത്തിനു ബുദ്ധി കൊടുക്കട്ടെ. ജൂത വംശഹത്യ ശരിയായിരുന്നെങ്കിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയായിരുന്നു’’ എന്നായിരുന്നു ‘കശ്മീർ ഫയൽ‌സി’ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേറിന്റെ പ്രതികരണം.

1990 കളിൽ കശ്മീരിൽനിന്നു കശ്മീരി പണ്ഡിറ്റുകൾ നടത്തിയ കൂട്ടപ്പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്തതാണ് കശ്മീരി ഫയൽസ് എന്ന സിനിമ. ബിജെപി നേതാക്കളടക്കം വലിയ പ്രചാരം നൽകിയ ചിത്രം ഗോവ മേളയിലെ ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സരവിഭാഗത്തിലും പ്രദർശനത്തിന് എത്തിയിരുന്നു.

Top