അപ്പോളോ ടയേഴ്‌സ് ഒരു ബില്യണ്‍ഡോളര്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാണ കമ്പനിയായ അപ്പോളോ ടയേഴ്‌സ് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങുന്നു. എംആര്‍എഫ് ലിമിറ്റഡില്‍ നിന്നും വിപണിയിലെ നേതൃസ്ഥാനം പിടിച്ചെടുക്കാനാണ് ഈ നിക്ഷേപത്തിലൂടെ അപ്പോളോ ടയേഴ്‌സ് ലക്ഷ്യമിടുന്നത്.

2020ഓടെ 20,000 കോടി രൂപയിലധികം വരുമാനം നേടാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതുവരെയുള്ളതില്‍ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. നിക്ഷേപത്തിലൂടെ ആന്ധ്രാപ്രദേശില്‍ പുതിയ പ്ലാന്റും കമ്പനി ആരംഭിക്കുന്നുണ്ട്. ഹംഗറി യൂണിറ്റിലെ ശേഷി വിപുലീകരിക്കാനും കമ്പനി പുതിയ നിക്ഷേപം വിനിയോഗിക്കുമെന്നാണ് അധികാരികള്‍ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശ് പ്ലാന്റിനായി 3,800 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. പ്രതിദിനം 15,000 കാര്‍ റാഡിയലുകളും 3,000 ട്രക് ടയറുകളും നിര്‍മിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്.

2020ന്റ ആദ്യ പാദത്തില്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യും. ചെന്നൈ പ്ലാന്റിന്റെ ട്രക്ക്, ബസ് റാഡിയല്‍ ശേഷി വിപുലീകരിക്കാനും, നിക്ഷേപത്തിന്റെ ഒരു പങ്ക് വിനിയോഗിക്കും. നിലവില്‍ പ്രതിദിനം 10,000 ടയറുകളാണ് ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കുന്നത്. നടപ്പു പാദം അവസാനത്തോടെ ഇത് പ്രതിദിനം 12,000 ടയറുകളായി ഉയര്‍ത്തുമെന്നും, കമ്പനിയുടെ മിക്ക പ്ലാന്റുകളും മുഴുവന്‍ ശേഷി ഉപയോഗപ്പെടുത്തികൊണ്ടാണ് ടയേഴ്‌സ് പ്രവര്‍ത്തിക്കുന്നത്.

Top