‘ആത്മഹത്യയ്ക്കു പിന്നിലെ’അണിയറ രഹസ്യങ്ങൾ’അറിഞ്ഞതിനും അപ്പുറം, സിദ്ധാർത്ഥ് പെൺകുട്ടിക്ക് സോറി മെസേജ് അയച്ചത് എന്തിന്?

രു മകനെ നഷ്ടപ്പെട്ട അച്ഛന്റെ വേദന മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും എന്നാല്‍ അതിനും അപ്പുറം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് വളമിടുകയാണ് ലക്ഷ്യമെങ്കില്‍ അതിനെ ആ രൂപത്തില്‍ തന്നെ രാഷ്ട്രീയ കേരളത്തിന് കാണേണ്ടി വരും. വയനാട്ടിലെ പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ഥനു നേരെ നടന്ന കടന്നാക്രമണവും തുടര്‍ന്ന് ആ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതും തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതു തന്നെയായിരുന്നു. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ മറിച്ചൊരു അഭിപ്രായമുണ്ടാകുകയില്ല. എന്നാല്‍ ഒറ്റപ്പെട്ട ഈ സംഭവത്തിന്റെ പേരില്‍ എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ ഭീകര സംഘടനയായി ചിത്രീകരിക്കാനുള്ള നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കാനും കഴിയുകയില്ല.

വെറ്ററനറി കോളേജില്‍ എസ്.എഫ്.ഐ എന്ന സംഘടനയ്ക്ക് വലിയ സ്വാധീനമുണ്ടായതും ആ വിദ്യാര്‍ത്ഥി സംഘടനയില്‍ സിദ്ധാര്‍ഥ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടാണ്. സിദ്ധാര്‍ഥിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി വിശ്വസിച്ച പ്രസ്ഥാനവും എസ്.എഫ്.ഐ തന്നെയാണ്. അതും നാം മനസ്സിലാക്കേണ്ടതുണ്ട്.അതു കൊണ്ടാണ് തനിക്ക് നേരിട്ട അപമാനം ആ പെണ്‍കുട്ടി എസ്.എഫ്.ഐ നേതാക്കളോട് പറഞ്ഞിരുന്നത്. ഇത്തരം ഒരു പരാതി കോളജ് യൂണിയന്‍ ഭാരവാഹികള്‍ അടക്കമുള്ള എസ്.എഫ്.ഐ നേതാക്കളോട് പെണ്‍കുട്ടി പറയുമ്പോള്‍ താന്‍ രേഖാമൂലം തിയ്യതി രേഖപ്പെടുത്തിയ പരാതി നല്‍കിയാലെ ഇടപെടൂ എന്ന് ഒരു എസ്.എഫ്.ഐക്കാരനും പറയുകയില്ല. എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനയില്‍ വിദ്യാര്‍ത്ഥികള്‍ അംഗങ്ങള്‍ ആകുന്നത്. അവര്‍ക്കൊരു പ്രശ്‌നം വന്നാല്‍ ആ സംഘടന ഒപ്പം ഉണ്ടാകുമെന്നു കരുതി തന്നെയാണ്. വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ ഇടപെടേണ്ടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ബാധ്യതയുമാണ്. ഇവിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടപെട്ടതിലല്ല ഇടപെട്ട രീതിയിലാണ് തെറ്റ് സംഭവിച്ചിട്ടുള്ളത്.

സിദ്ധാര്‍ത്ഥ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ പോലും അയാളെ മര്‍ദ്ദിക്കാന്‍ പാടില്ലായിരുന്നു. ഒരാള്‍ കൈവച്ചാല്‍ ഇത്തരമൊരു വൈകാരിക വിഷയമായതിനാല്‍ കണ്ടു നില്‍ക്കുന്നവരും കൈവച്ച് പോകുമെന്ന തിരിച്ചറിവ് യൂണിയന്‍ ഭാരവാഹികള്‍ക്കുണ്ടാവണമായിരുന്നു. അതാണ് അവിടെ സംഭവിച്ചിരിക്കുന്നത്.കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോട് ഫെബ്രുവരി 12ന് സിദ്ധാര്‍ത്ഥ് മോശമായി പെരുമാറിയെന്ന വിവരം വിദ്യാര്‍ത്ഥിനി സഹപാഠികളോട് പറഞ്ഞതോടെയാണ് സ്ഥിതി മാറിയത്.ഈ വിവരം വിദ്യാര്‍ത്ഥിനി ക്ലാസിലെ സഹ വിദ്യാര്‍ത്ഥികളോട് പറഞ്ഞപ്പോള്‍ അവരാണ് ആദ്യം വിഷയത്തില്‍ ഇടപെട്ട് എറണാകുളത്തേക്ക് പോയിരുന്ന സിദ്ധാര്‍ത്ഥിനെ കാമ്പസിലേക്ക് വിളിച്ചു വരുത്തി വിഷയം തിരക്കിയിരുന്നത്.

എന്നാല്‍ ഈ ഇടപെടല്‍ വാക്ക് തര്‍ക്കത്തിനും ഒടുവില്‍ കയ്യാങ്കളിയിലും തന്നെ കലാശിക്കുകയാണ് ഉണ്ടായത്. ബഹളം കേട്ട് സ്ഥലഞ്ഞത്തിയ എസ്.എഫ്.ഐ നേതാക്കളും യൂണിയന്‍ ഭാരവാഹികളും സംഘര്‍ഷം തണുപ്പിക്കുന്നതിന് പകരം വൈകാരികമായി ഇടപെട്ടതോടെ സിദ്ധാര്‍ത്ഥ് കൂടുതല്‍ അപമാനിതനായി അവിടെ നിന്നും പോവുകയാണ് ഉണ്ടായത്. ഇവിടെയാണ് എസ്.എഫ്.ഐ നേതാക്കള്‍ക്കും യൂണിയന്‍ ഭാരവാഹികള്‍ക്കും പിഴവ് സംഭവിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കൂടി സിദ്ധാര്‍ത്ഥിനെ കയ്യേറ്റം ചെയ്യുന്നതിന് പകരം അവനെ താക്കീത് നല്‍കി പകരം കോളജ് അധികൃതരുടെ മുന്നിൽ മുന്നില്‍ ഹാജരാക്കി നിയമപരമായ നടപടിക്ക് കളമൊരുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാതെ പോയതിനാണ് ഇന്ന് കേരളത്തിലെ മുഴുവന്‍ എസ്.എഫ്.ഐക്കാരും പ്രതിരോധത്തിലായിരിക്കുന്നത്.ഈ സംഭവം എല്ലാ കാമ്പസുകളിലെയും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും നേതാക്കള്‍ക്കും ഒരു പാഠമാകണം.

ഇനി മാധ്യമങ്ങളോട് പറയാനുള്ളത് മറ്റൊരു കാര്യമാണ്. മാധ്യമ കിടമത്സരത്തില്‍ ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങളെ ഒരിക്കലും ഉപയോഗപ്പെടുത്തരുത്. അത് നിങ്ങളുടെ ഉള്ള വിശ്വാസ്യതയുമാണ് ഇല്ലാതാക്കുക. ചാനല്‍ റേറ്റിംങ്ങ് കൂട്ടാന്‍ ഏത് സംഭവത്തിലും ഒരു ഇടതുപക്ഷ വിരുദ്ധത പടച്ചു വിടുക എന്നത് ഇന്നൊരു ശൈലിയായിമാറിയിട്ടുണ്ട്. തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട ശൈലി തന്നെയാണിത്.നിക്ഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമാണ് നടത്തുന്നതെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ രോക്ഷം കൊള്ളുമ്പോള്‍ തന്നെ പെണ്‍കുട്ടി നേരിട്ട അപമാനത്തെ കുറിച്ചും പറയാന്‍ തയ്യാറാവണം. എന്നാല്‍ അതിവിടെ സംഭവിച്ചിട്ടില്ല.

ഫെബ്രുവരി 14 ന് വീട്ടില്‍ പോയ പെണ്‍കുട്ടി പിന്നീട് 18നാണ് പരാതി നല്‍കാനായി കോളജില്‍ എത്തിയതെങ്കിലും ഫെബ്രുവരി 13ന് അതായത് സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് തന്നെ  തന്റെ സഹപാഠിയോട് ഇക്കാര്യം വാട്‌സ് ആപ്പ് ചാറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ, അന്നേ ദിവസം തന്നെ രാത്രി സിദ്ധാര്‍ത്ഥ് ഈ പെണ്‍കുട്ടിക്ക് സോറി എന്ന മെസേജും അയച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ അന്വേഷണ സംഘത്തിനും ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥ് മരണപ്പെട്ടതിനു ശേഷമാണ് പെണ്‍കുട്ടിക്ക് പരാതി ഉണ്ടായതെന്ന വാദത്തിന്റെ മുനയൊടിക്കുന്ന തെളിവുകളാണിത്. ഏതൊരു സ്ത്രീക്കും തനിക്ക് നേരിട്ട കടന്നാക്രമണത്തിനെതിരെ എപ്പോള്‍ പരാതി നല്‍കിയാലും അപ്പോള്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നതാണ് നാട്ടിലെ നിയമം. പരാതി നല്‍കാനുള്ള സമയമേതെന്ന് തീരുമാനിക്കേണ്ടത് ഇരകളാണ്. അതല്ലാതെ മാധ്യമങ്ങളല്ല.

ഫെബ്രുവരി 18ന് രേഖാമൂലം പരാതി നല്‍കാനായി പെണ്‍കുട്ടി കാമ്പസിലെത്തുന്ന വിവരം വിദ്യാര്‍ത്ഥികള്‍ക്കും അറിയാമായിരുന്നു. സിദ്ധാര്‍ത്ഥിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ ഇതാണെന്നാണ് വിദ്യാര്‍ത്ഥികളും അന്വേഷണ സംഘവും സംശയിക്കുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം എന്തു തന്നെ ആയാലും അത് ഉടന്‍ പുറത്തു വരിക തന്നെ ചെയ്യും.പൂക്കോട് വെറ്ററനറി കോളജിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐക്കാരായതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരും സ്വാഭാവികമായി എസ്.എഫ്.ഐക്കാര്‍ തന്നെയാകും. ഇവര്‍ക്കെതിരെ എന്തു നിലപാട് എസ്.എഫ്.ഐ നേതൃത്വം സ്വീകരിച്ചു എന്നതിലാണ് പ്രസക്തിയുള്ളത്. ഇവിടെ ശക്തമായ നടപടി എസ്.എഫ.ഐയും മുഖം നോക്കാതെയുള്ള കടുത്ത നിയമനടപടി ഇടതുപക്ഷ സര്‍ക്കാറും സ്വീകരിച്ചിട്ടുണ്ട്.

ധീരജ് എന്ന എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്  സംഘടനയില്‍ പ്രമോഷന്‍ നല്‍കിയ കോണ്‍ഗ്രസ്സ് നേതാക്കളുടെ സംസ്‌കാരമല്ല സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സി.പി.എമ്മും എസ്.എഫ്.ഐയും പിന്തുടര്‍ന്നിരിക്കുന്നത്. മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലങ്കിലും ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നതും ഓര്‍ക്കുന്നത് നല്ലതാണ്. സിദ്ധാര്‍ത്ഥ് കേസില്‍ പ്രതികളായ എല്ലാ എസ്.എഫ്.ഐക്കാരെയും സംഘടന പുറത്താക്കിയിട്ടുണ്ട്. പൊലീസിന് ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിനാലാണ് കോളജ് യൂണിയന്‍ ഭാരവാഹികളടക്കം ഇതിനകം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ പ്രതിചേര്‍ക്കപ്പെട്ട ആരെയും സംരക്ഷിക്കുന്ന നിലപാട് എസ്.എഫ്.ഐയും സര്‍ക്കാറും സ്വീകരിച്ചിട്ടില്ല. മന്ത്രിയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും അടക്കമുള്ളവര്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതും ആ കുടുംബത്തിന് നീതി ഉറപ്പ് നല്‍കുന്നതിനു വേണ്ടിയാണ്.

എന്നാല്‍ എസ്.എഫ്.ഐ പ്രസിഡന്റിന്റെ സന്ദര്‍ശനത്തെ പോലും. കേവലം സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന് ഉപയോഗപ്പെടുത്താനാണ് ഇവിടുത്തെ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ച് ഈ മരണമൊരു ഒന്നാംതരം തിരഞ്ഞെടുപ്പ് ആയുധമാണ്. സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയെ എസ്.എഫ്.ഐക്കാര്‍ ഗൂഢാലോചന നടത്തി തല്ലിക്കൊന്നെന്നും ഇടതുപക്ഷം പ്രതികളെ സംരക്ഷിക്കുകയാണെന്നുമാണ് വ്യാപക പ്രചരണം നടത്തുന്നത്. കാമ്പസില്‍ എസ്.എഫ്.ഐക്ക് ഇടിമുറിയുണ്ടെന്നും ഇവിടെ പരാതി തീര്‍പ്പാക്കി ശിക്ഷ വിധിക്കുമെന്നുമൊക്കെ ഡി.വൈ.എസ്.പി പറഞ്ഞെന്ന മട്ടില്‍ പച്ചക്കള്ളമാണ് മാധ്യമങ്ങള്‍ തട്ടിവിട്ടിരിക്കുന്നത്. ഈ വാര്‍ത്തയെ ഡി.വൈ.എസ്.പി തള്ളിപ്പറഞ്ഞിട്ടും ഒരു വിഭാഗം മാധ്യമങ്ങള്‍ തിരുത്താന്‍ തയ്യാറായിട്ടില്ല. അവര്‍ ദിവസവും പുതിയ കഥകള്‍ മെനഞ്ഞ് അതിന് ചോരയുടെ നിറം കൊടുക്കുകയാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടന എന്താണ് എന്നതും ആ സംഘടന പിന്നിട്ട ചോരപൊടിഞ്ഞ വഴികളും കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.നാലുപതിറ്റാണ്ടു മുമ്പ് കേരളത്തിലെ കലാലയങ്ങളില്‍ കുത്തക ശക്തിയായിരുന്നത് കെ.എസ്.യു ആയിരുന്നു. റാഗിങ് മുതല്‍ ഗുണ്ടായിസം വരെ വിളയാടിയ അന്നത്തെ കാലത്ത് നിന്നും സമാധാന അന്തരീക്ഷത്തിലേക്ക് കലാലയങ്ങളെ കൊണ്ടുവന്നത് എസ്.എഫ്.ഐയാണ്. അതിനു അവര്‍ക്ക് കൊടുക്കേണ്ടി വന്നതാകട്ടെ വലിയ വിലയുമാണ്. കെ.എസ്.യുവും എ.ബി.വി.പി യും എം.എസ്.എഫും മാത്രമല്ല അവരുടെ രാഷ്ട്രീയ യജമാനന്‍മാരും കൊന്നുതള്ളിയ വിദ്യാര്‍ഥികളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുണ്ട് നേതാക്കളുണ്ട് കെ.എസ്.യുവിന്റെ തന്നെ പ്രവര്‍ത്തകനുമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോളേജില്‍ കെ.എസ്.യു നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്ന പുതിയ വീട്ടില്‍ ബഷീറിനെ 1990 മാര്‍ച്ച് മൂന്നിനാണ് സഹപ്രവര്‍ത്തകര്‍ പരസ്യമായി ആക്രമിച്ചത്. അക്കാലത്ത് കോളേജില്‍ കെ.എസ്.യുവിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. മാഗസിന്‍ എഡിറ്ററായി മത്സരിച്ച ബഷീര്‍ ഏറ്റവുമധികം വോട്ടുനേടി ജയിച്ചു. നന്നായി പ്രവര്‍ത്തിക്കുകയും ചെയ്തു. മാഗസിന്‍ ഫണ്ട് ബഷീറിന്റെ കൈയിലെത്തിയതു മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഓരോ നേതാവിനും വിഹിതം വേണമായിരുന്നു. ബഷീര്‍ പക്ഷേ വഴങ്ങിയില്ല. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് ക്യാന്റീനിലേക്ക് കൂട്ടുകാരോടൊപ്പം പോകുകയായിരുന്നു ബഷീറിനു നേരെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടാകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ബഷീറിന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് രക്തം നല്‍കിയിരുന്നത്.

കെ.എസ്.യുവിന്റെ സമഗ്രാധിപത്യം തകര്‍ത്തതിന്റെ പകയാണ് 1973ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഷ്റഫിനെ കൊലപ്പെടുത്തുന്നതില്‍ കലാശിച്ചത്. മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരനായിരുന്ന അഷ്റഫായിരുന്നു കോളജ് യൂണിയന്‍ ജനറല്‍ ക്യാപ്റ്റന്‍. യൂണിയന്‍ ഉദ്ഘാടനത്തിന് ഇ എം എസിനെ കൊണ്ടുവരാന്‍ തീരുമാനിച്ചത് കെ.എസ്.യുക്കാരെ അസ്വസ്ഥമാക്കുകയും. ഒടുവില്‍ ആ അസഹിഷ്ണുത കൊലപാതകത്തിലേക്ക് എത്തുകയുമാണ് ഉണ്ടായത്. അന്നത്തെ കോളജ് യൂണിയന്‍ ചെയര്‍മാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് ലക്ഷ്യം തെറ്റി അഷറഫിന്റെ ജീവനെടുത്തിരുന്നത്.

സിപിഐ എം നേതാവ് ജി സുധാകരന്റെ സഹോദരനാണ് 1977 ഡിസംബറില്‍ പന്തളം എന്‍എസ്എസ് കോളേജില്‍ കൊലചെയ്യപ്പെട്ട ജി ഭുവനേശ്വരന്‍. കെ.എസ്.യു സംഘം ആയുധങ്ങളുമായി ഭുവനേശ്വരനെ പിന്തുടര്‍ന്നാണ് ആക്രമിച്ചത്. സൈക്കിള്‍ചെയിന്‍ കൊണ്ട് അടിയേറ്റ് കണ്ണുതകര്‍ന്ന് മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് മുറിയില്‍ ഓടിക്കയറിയപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അധ്യാപകരെ തള്ളിമാറ്റിയാണ് ഖദറിട്ട ക്രിമിനലുകള്‍ ആക്രമിച്ചത്. ബോധരഹിതനായ ഭുവനേശ്വരന്റെ മുഖത്ത് വെള്ളം തളിച്ച് കണ്ണുതുറപ്പിച്ച് വീണ്ടും ആക്രമിക്കുകയുണ്ടായി. അഞ്ചുദിവസം ആശുപത്രിയില്‍ ബോധമില്ലാതെ കിടന്നശേഷമാണ് ഭുവനേശ്വരന്‍ അന്ത്യശ്വാസം വലിച്ചത്. അന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്നു ജി സുധാകരന്‍.’തലകീഴാക്കി പലവട്ടം നിലത്തിടിച്ചതിനാല്‍ ഭുവനേശ്വരന്റെ തലച്ചോറ് തന്നെ തകര്‍ന്നുപോയിരുന്നു.

പട്ടാമ്പി സംസ്‌കൃത കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ സെയ്താലിയെ തല്ലിയും കുത്തിയും കൊല്ലാന്‍ കെഎസ്.യുവിന് കൂട്ടായി എബിവിപിയാണ് ഉണ്ടായിരുന്നത്. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന പി കെ രാജനെ 1979 ഫെബ്രുവരി 24നാണ് കെ.എസ്.യുക്കാര്‍ കൊന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു സി വി ജോസ്. കോളേജിലെ രണ്ട് പ്രവര്‍ത്തകരെ പത്തനംതിട്ടയില്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് എം എസ് പ്രസാദിനോടൊപ്പം ആക്രമിക്കപ്പെട്ടത്. ഇടത് നെഞ്ചില്‍ കത്തി തറച്ചുകയറി. ആശുപത്രിയില്‍ എത്തുംമുമ്പേ ആ വിദ്യാര്‍ത്ഥി നേതാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജോസ് വധക്കേസില്‍ ഒന്നാം സാക്ഷിയായിരുന്ന എം എസ് പ്രസാദിനെ വിചാരണ തുടങ്ങുംമുമ്പാണ് കൊന്നു കളഞ്ഞിരുന്നത്. 1985ലെ തിരുവോണനാളിലാണ് പ്രസാദിനെ വധിച്ചത്. കുത്തേറ്റ് പ്രാണന്‍ രക്ഷിക്കാന്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറി കട്ടിലില്‍ കമിഴ്ന്നുവീണ പ്രസാദിനെ പതിനേഴുതവണ കുത്തിയാണ് മരണമുറപ്പാക്കിയിരുന്നത്. എസ്.എഫ്.ഐയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു പ്രസാദ്. കോട്ടയം മണര്‍ക്കാട് സെന്റ് മേരീസ് കോളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെയാണ് സാബുവിനെ കോണ്‍ഗ്രസുകാര്‍ കൊന്നത്.ഇങ്ങനെ കെഎസ്.യു നടത്തിയ കൊലപാതകങ്ങളെല്ലാം തന്നെ ഏറെക്കുറെ പരസ്യമായിരുന്നു. കലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ യുവജനോത്സവ വേദിയിലാണ് എസ്എഫ്ഐ ഒല്ലൂര്‍ ഏരിയ പ്രസിഡന്റായിരുന്ന കൊച്ചനിയനെ പൊലീസിന് മുന്നിലിട്ട് 1992 ഫെബ്രുവരി 29ന് കൊന്നു കളഞ്ഞത്.

താമരശേരിയില്‍ എസ്.എഫ്.ഐ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ജോബി ആന്‍ഡ്രൂസും പരസ്യമായാണ് കൊലചെയ്യപ്പെട്ടത്. 1992 ജൂലൈ 15ന് കെ.എസ്.യു-എംഎസ്എഫ് സംഘമാണ് ജോബിയെ കല്ലെറിഞ്ഞ് കൊന്നത്. എസ്.എഫ്.ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ 2012 മാര്‍ച്ച് 18ന് കോണ്‍ഗ്രസ് ഗുണ്ടാസംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്ഈ ശ്രേണിയില്‍ ഏറ്റവുമൊടുവിലത്തേതാണ്. മുല്ലപ്പെരിയാറിന്റെ പേരില്‍ തൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയ എസ്.എഫ്.ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷിനെ കുത്തിക്കൊന്ന സംഭവം.

എസ്.എഫ്.ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന സുധീഷിനെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങവെ ആര്‍എസ്എസ് സംഘമാണ് വിളിച്ചുണര്‍ത്തി വെട്ടിക്കൊന്നത്. അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് സുധീഷിനെ 38 തവണയാണ് അക്രമികള്‍ വെട്ടിയത്. രക്തവും മാംസച്ചീളുകളും മാതാപിതാക്കളുടെ മുഖത്തും ശരീരത്തും തെറിച്ചുവീണത് ഭയാനകമായ കാഴ്ചയായിരുന്നു.35 എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഇതുവരെ കൊല ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടായിട്ടില്ല.ഒരു കലാലയത്തിലും എസ്.എഫ്.ഐയുടെ കൈകൊണ്ട് ഒരാളും ഇന്നുവരെ മരിച്ചിട്ടില്ല. എന്നാല്‍ സിദ്ധാര്‍ഥിന്റെ മരണത്തിന്റെ പേരില്‍ ആ പാപകറ എസ്.എഫ്.ഐയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇക്കൂട്ടര്‍ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമായാണ് എസ്.എഫ്.ഐയ അവതരിപ്പിക്കുന്നത്.മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഈ കെണിയില്‍, സിദ്ധാര്‍ത്ഥിന്റെ പിതാവ് വീണുപോയതായും കരുതേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങള്‍ കണ്ടാല്‍, അതാണ് തോന്നിപ്പോവുക. ദൗര്‍ഭാഗ്യകരമായ നിലപാടാണിത്. അതെന്തായാലും ,പറയാതെ വയ്യ . . .

EXPRESS KERALA VIEW

 

Top