സുധീരന്‍ തന്നെ ആദര്‍ശംപഠിപ്പിക്കേണ്ട; മോദി സ്തുതിയെ കുറിച്ച് എ.പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ ‘വീക്ഷണ’ത്തിനും വി എം സുധീരനുമെതിരെ ആഞ്ഞടിച്ച് എ.പി അബ്ദുള്ളക്കുട്ടി രംഗത്ത്.

അരബക്കറ്റ് വെള്ളത്തില്‍ തലയും മീശയും കറുപ്പിച്ചു കൊണ്ട് ചാനലില്‍ ജൈവവളത്തെക്കുറിച്ച് പ്രസംഗിക്കുന്ന സുധീരന്‍ തന്നെ ആദര്‍ശം പഠിപ്പിക്കേണ്ടെന്നാണ് അബ്ദുള്ളക്കുട്ടി ആഞ്ഞടിച്ചത്.

ബിജെപിയിലേക്ക് പോകണമെന്ന കാര്യം സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ല. സത്യമായിട്ടും ഒരു നേതാവുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുമില്ല ഒരു പരാമര്‍ശത്തിന്റെ പേരില്‍ തന്നെ പുറത്താക്കണമെന്ന തരത്തിലുള്ള മുഖപ്രസംഗമെഴുതുകയാണ് വീക്ഷണം ചെയ്തിരിക്കുന്നത്. ഇതെന്ത് ന്യായമാണ്. പാര്‍ട്ടിയും ഇന്ദിരാഗാന്ധിയും തോറ്റ തെരഞ്ഞെടുപ്പില്‍ അവരെ പെണ്‍ ഹിറ്റ്‌ലറെന്ന് വിളിച്ച് മറുകൂടാരത്തില്‍ പോയി അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ നുണഞ്ഞവരാണിപ്പോള്‍ തന്നെ ഉപദേശിക്കുന്നത്, അബ്ദുള്ളക്കുട്ടി പരിഹസിച്ചു.

എല്ലാവര്‍ക്കും വി.എം സുധീരനെക്കുറിച്ച് അറിയാമെന്നും ഉമ്മന്‍ചാണ്ടിയുടെ നല്ല സര്‍ക്കാരിനെ തകര്‍ത്തവനാണ് ആ മനുഷ്യനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Top