സിപിഎമ്മിനെ പിണറായി പുതിയാപ്ലയ്ക്കായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്‌ലിം ആക്കി മാറ്റിയെന്ന് അബ്ദുല്ലക്കുട്ടി

കണ്ണൂർ : പുതിയാപ്ലയ്ക്കു വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയെ പിണറായി വിജയൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്‌ലിം ആക്കി മാറ്റിയെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി. ബിജെപി ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുല്ലക്കുട്ടി. റിയാസിനെ ഭാവി മുഖ്യമന്ത്രിയാക്കാൻ പിണറായിക്കു പദ്ധതിയുണ്ട്. ഇതിനുവേണ്ടി പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദികളും ജിഹാദികളുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ബാലരാമപുരത്തെ മദ്രസയിൽ ക്രൂരമായി ഒരു കൊച്ചു പെൺകുട്ടി കൊല്ലപ്പെട്ടു. ആ മദ്രസയുടെ ഹോസ്റ്റലിന് യാതൊരു അനുമതിയുമില്ല. മിസ്റ്റർ പിണറായി, ആ മദ്രസയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോസ്റ്റൽ അടച്ചൂപൂട്ടാൻ ധൈര്യമുണ്ടോ? – അബ്‌ദുല്ലക്കുട്ടി ചോദിച്ചു.

പിണറായിക്കു ശേഷം പുതിയാപ്ലയെ വാഴിക്കാനാണ് പൂതിയെങ്കിൽ അതു നടക്കില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. റിയാസിനെ ഉപയോഗിച്ച് ഇവിടെ മരാമത്ത് വകുപ്പിലും വിനോദസ‍ഞ്ചാര വകുപ്പിലും നടക്കുന്ന എല്ലാ അഴിമതിക്കും കൂട്ടുനിൽക്കുകയാണ് പിണറായി. പണ്ട് ഭരണത്തിൽ അഴിമതി നടന്നാൽ കമ്മിഷൻ പാർട്ടിക്കായിരുന്നു കിട്ടിയിരുന്നത്. ഇന്ന് ആ സ്ഥിതി മാറി പാർട്ടി പിണറായിയായി മാറി. അതോടെ എല്ലാ അഴിമതിയും കമ്മിഷനും കുടുംബത്തിലേക്കാണ് എത്തുന്നത്. ഇപ്പോൾ കുടുംബത്തിലേക്ക് കൊണ്ടുവന്ന പുതിയ പുതിയാപ്ലയെ ഉപയോഗിച്ചും അഴിമതി നടത്തുകയാണെന്ന് അബ്ദുല്ലക്കുട്ടി ആരോപിച്ചു.

‘‘കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന പിണറായി വിജയൻ ഭരണം ജനജീവിതം ദുസ്സഹമാക്കുകയാണ്. കള്ളവും ചതിവും പൊളിവചനവും മാത്രം. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരുക്കുന്നത്. സ്പ്രിംഗ്ളർ, ലൈഫ് മിഷൻ, ഡോളർ കള്ളക്കടത്ത്, സ്വർണ കള്ളക്കടത്ത് തുടങ്ങി‌ റിവേഴ്സ് ഹവാല വരെ എത്തിനിൽക്കുന്നു. ഏറ്റവും അവസാനം എഐ ക്യാമറ ഇടപാ‌ടിൽ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. നമ്മൾ ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിലാണ്. ഏത് ഉപകണത്തിന്റെയും വില വിരൽത്തുമ്പിൽ കിട്ടുന്ന കാലം. 10,000 രൂപ വിലയുള്ള ക്യാമറയ്ക്ക് 3 ലക്ഷം രൂപ വരെ വില കാണിച്ച് 100 കോടി രൂപയുടെ അഴിമതിയാണ് കാണിച്ചിരിക്കുന്നത്. ഇതുപോലെ ഒരു കൊള്ള ഇതിനു മുൻപ് നടന്നിട്ടില്ല. എല്ലാ അഴിമതിയുടെ നദികളെല്ലാം ഒഴുകിയെത്തി ക്ലിഫ് ഹൗസിൽ അഴിമതിയുടെ മഹാസമുദ്രം സൃഷ്ടിച്ചിരിക്കുന്നു. മകളും മകനും കുടുംബവുമെല്ലാം അഴിമതിക്ക് കൂട്ടുനിൽക്കുന്നു’

അഞ്ചു വർഷത്തേക്ക് വിലക്കയറ്റണ്ടാവില്ലെന്ന് പറഞ്ഞാണ് ഒന്നാം പിണറായി സർക്കാർ വന്നത്. രണ്ടാം സർക്കാരിന്റെ രണ്ടാം വാർഷിക സമ്മാനമായി 4500 കോടി രൂപയുടെ അധിക നികുതി ഭാരമാണ് സാധാരണക്കാരിലേക്ക് പിണറായി സർക്കാർ അടിച്ചേൽപ്പിച്ചത്. കമ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞർ പണ്ടേ പറയാറുണ്ട് പെട്രോൾ വില കൂട്ടിയാൽ എല്ലാത്തിനും വിലകൂടുമെന്ന്. ഏഴു വർഷം മുൻപ് പിണറായിയുടെ ട്വീറ്റ് ഓർമയില്ലേ? എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി പാഡ് സൗജന്യമായി നൽകുമെന്നായിരുന്നു ആ ട്വീറ്റ്. ഏഴാം വർഷവും അതേ വാഗ്ദാനം ആവർത്തിക്കുകയാണ്.’

‘‘രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൽകിയ പരസ്യത്തിൽപോലും പിണറായി സർക്കാർ ചതി കാണിച്ചു. ലോകം മുഴുവൻ ആ പരസ്യം കൊടുത്തിട്ടുണ്ട്. ഗൾഫിലുള്ളവർ പറയുന്നത് അവർക്ക് റേഡിയോ തുറക്കാൻ പറ്റുന്നില്ലെന്നാണ്, പുട്ടിന് പീരപോലെ പിണറായി സർക്കാരിന്റെ പരസ്യം കേൾക്കേണ്ടി വരുന്നുവത്രെ.’

‘‘2024ൽ രാജ്യത്ത് അധികാരത്തിൽ വരുമെന്നാണ് കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത്. അവർ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പാറ്റേൺ പഠിക്കട്ടെ. ഡൽഹിയിൽ ആം ആദ്മി പാർട്ടി സംസ്ഥാനം ഭരിക്കുമ്പോൾ ലോക്സഭാ മണ്ഡലങ്ങളിൽ ജയിച്ചത് ബിജെപിയാണ്. കർണാടകയിലും ഇതാണ് സ്ഥിതി’’– അബ്ദുല്ലക്കുട്ടി ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ പ്രചാരണത്തിന് ഒരു മാസത്തെ പ്രചാരണ പരിപാടികൾക്ക് യോഗം രൂപം നൽകി. ഇന്ത്യയെ ഇരുണ്ടയു‌ഗത്തിൽ നിന്ന് സുവർണ കാലഘട്ടത്തിൽ എത്തിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മോദി ഭരണത്തിൽ ഇന്ത്യയെ ലോകത്തിനു മുന്നിൽ വലിയ സാമ്പത്തിക ശക്തിയായി ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചുവെന്നും അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടു.

Top