‘പാച്ചേനിയെ ഗ്രൂപ്പ് മാറ്റിയ സുധീരന്‍’; അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്

കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ വിമര്‍ശിച്ച കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീകരനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്.

ഒറ്റരാത്രികൊണ്ട് സതീശന്‍ പാച്ചേനിയെ ഗ്രൂപ്പ് മാറ്റിയ സുധീരന്‍ ഗ്രൂപ്പ് പോരിനെ വിമര്‍ശിക്കേണ്ടെന്നായിരുന്നു അബ്ദുള്ള കുട്ടിയുടെ കുറിപ്പ്.

ഈ പോസ്റ്റ് അബ്ദുള്ളകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇട്ടതാണോ തുടങ്ങിയ സംശയങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത് തന്റെ പോസ്റ്റ് തന്നെയാണെന്ന് അബ്ദുള്ളക്കുട്ടി മറുപടി നല്‍കിയിട്ടുണ്ട്.

അബ്ദുള്ളക്കുട്ടിക്കെതിരെ പോസ്റ്റിന്റെ അടിയില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതമെന്ന് പോസ്റ്റിനു കീഴില്‍ വി.ടി ബല്‍റാം കമന്റു ചെയ്തു. ‘ അനവസരത്തിലുള്ള പോസ്റ്റാണ്. പിന്‍വലിക്കുന്നതാണ് ഉചിതം.’ എന്നാണ് ബല്‍റാമിന്റെ കമന്റ്.

മുമ്പും വി എം സുധീരനെതിരെ അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അന്ന് അത് പിന്‍വലിച്ച് മാപ്പു പറയുകയും ചെയ്തിരുന്നു.

Top