അവസാനം കാവിക്കോട്ടയില്‍ തന്നെ എത്തി; എ.പി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും

ന്യൂഡല്‍ഹി: മോദി സ്തുതിയില്‍ കോണ്‍ഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുക.

ഇന്നെല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി ഇന്നലെ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുറത്താക്കിയതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.

മോദി സ്തുതിയെ തുടര്‍ന്ന് സി.പി.എം പുറത്താക്കിയ നാള്‍ മുതല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം അബ്ദുള്ളക്കുട്ടിയെ ശ്രദ്ധിച്ചിരുന്നു. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് മുന്‍പ് ബി.ജെ.പി പ്രഖ്യാപിച്ചതും അബ്ദുള്ളക്കുട്ടി അടക്കമുള്ളവരെ മുന്നില്‍ കണ്ടായിരുന്നു.

കാര്യങ്ങള്‍ എന്തായാലും അബ്ദുള്ളക്കുട്ടിയും കാവി പുതയ്ക്കുന്നതോടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പില്‍ തീ പാറും. മത്സരിച്ചാലും ഇല്ലെങ്കിലും മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടിയാവും ബി.ജെ.പിയുടെ പ്രചരണം നയിക്കുക. അക്കാര്യം ഉറപ്പാണ്. അവസരവാദ രാഷ്ട്രീയം വീണ്ടും മഞ്ചേശ്വരത്തിന്റെ മണ്ണില്‍ കാവിപ്പടക്ക് തിരിച്ചടിയാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. അതേസമയം യു.ഡി.എഫ് വോട്ട് ബാങ്ക് ചോര്‍ന്ന് സിറ്റിംഗ് സീറ്റ് കൈവിട്ട് പോകുമോ എന്ന ആശങ്ക മുസ്ലീം ലീഗിലും പ്രകടമാണ്. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷത്തിനും സുവര്‍ണ്ണാവസരാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Top