കുഞ്ഞാലിക്കുട്ടിയുടേത് ബിരിയാണി ചെമ്പില്‍ കഞ്ഞിവെച്ച അവസ്ഥയെന്ന് അബ്ദുള്ളക്കുട്ടി

മലപ്പുറം: എം.പി സ്ഥാനത്തു നിന്ന് മാറി എം.എല്‍.എ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥ
ബിരിയാണി ചെമ്പില്‍ കഞ്ഞിവച്ചതു പോലെയാണെന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.പി അബ്ദുള്ളക്കുട്ടി. നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കിയ വികസനമാണ് തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമ്പോള്‍ കരുത്തെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു

പഴയ മലപ്പുറമല്ല ഇപ്പോള്‍. കാര്യങ്ങളൊക്കെ മാറിമറിയുകയാണ്. മലപ്പുറവും മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് തന്നെ അപ്രതീക്ഷിതമാണ്. എന്റെ സ്ഥാനാര്‍ത്ഥിത്വത്തേയും വേണമെങ്കില്‍ അങ്ങനെ പറയാം. കുഞ്ഞാലിക്കുട്ടി കാണിച്ചത് ഒരിക്കലും ശരിയല്ല. മലപ്പുറത്ത് അനാവശ്യമായി ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കി എന്നത് പ്രധാനപ്പെട്ട ഒരു പ്രചാരണ വിഷയമാണ്- അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തില്‍ ഈ പ്രധാനപ്പെട്ട ജില്ല എല്‍.ഡി.എഫും യു.ഡി.എഫും ഭരണത്തില്‍ വന്നിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും വന്നിട്ടില്ല എന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് മലപ്പുറത്തെ തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

Top