അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായിയുടെ നെഞ്ചില്‍ കുത്താനുള്ള അവസരമാണിതെന്ന് അബ്ദുള്ളക്കുട്ടി

കോന്നി: കോന്നി ഉപതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്നും പോളിംഗ് സ്റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചില്‍ കുത്താനുള്ള അവസരമാണിതെന്നും എ പി അബ്ദുള്ളക്കുട്ടി.

താമരശ്ശേരി ബിഷപ്പിന്റെ മുഖത്തുനോക്കി നികൃഷ്ട ജീവി എന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നും വിശ്വാസികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് പിണറായി. സിപിഎം അതൊക്കെ മാറ്റിപ്പറയാന്‍ ഇപ്പോള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ വിശ്വസിക്കുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സുരേന്ദ്രന്‍. ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. അതിനൊക്കെ പകരം വീട്ടാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിജി മുമ്പോട്ട് വച്ച ഒരു സ്വപ്നമുണ്ട്. ശബരിമലയെ ഒരു ലോകോത്തര തീര്‍ത്ഥാടന കേന്ദ്രമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. മോദി പറയുന്നതൊക്കെ യാഥാര്‍ത്ഥ്യമാക്കുന്ന വ്യക്തിയാണ്. അദ്ദേഹം വിഭാവനം ചെയ്ത ശബരിമലയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കെ സുരേന്ദ്രന് വോട്ടുചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

Top