വോട്ടിംഗ് മെഷീനുകളില്‍ എന്തും നടക്കുമോ? ബംഗാളില്‍ തോറ്റ ബിജെപിക്കും സംശയം

ശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ തോല്‍വിയടഞ്ഞ ബിജെപിക്ക് വോട്ടിംഗ് മെഷീനില്‍ സംശയം. ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ ഭരണപക്ഷമായ തൃണമുല്‍ കോണ്‍ഗ്രസിന് തുറന്ന സഹായങ്ങള്‍ നല്‍കിയെന്ന് ബിജെപി ദേശീയ സെക്രട്ടറിയും, ബംഗാള്‍ നേതാവുമായ രാഹുല്‍ സിന്‍ഹ പറഞ്ഞു. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷണത്തിലാണ് നടക്കുന്നതെങ്കിലും ഉപതെരഞ്ഞെടുപ്പ് സംസ്ഥാനമാണ് നടപ്പാക്കുന്നത്. തൃണമുല്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ എന്തും ചെയ്യും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലും എന്തും ചെയ്യാം. ഭരണപക്ഷം വോട്ടെണ്ണുന്ന സമയത്ത് എന്തെങ്കിലും കൃത്രിമം ചെയ്‌തോയെന്ന് സംശയങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല, സിന്‍ഹ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തന്റെ സംശയങ്ങള്‍ക്കുള്ള കാരണവും ബിജെപി നേതാവ് മറച്ചുവെച്ചില്ല. ‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലങ്ങളാണ് കാളിഗഞ്ചും, ഖരഗ്പൂര്‍ സാദറും. 2016 നിയമസഭാ തെരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ടുകള്‍ കാളിഗഞ്ചിലും, കരിംപൂരിലും ലഭിച്ചിരുന്നു. എന്നിട്ടും മൂന്ന് സീറ്റും ഞങ്ങള്‍ തോറ്റു. ഖരഗ്പൂര്‍ സീറ്റ് തൃണമുല്‍ ആദ്യമായി വിജയിച്ചതാണ്. ഇതെല്ലാം സംശയത്തിന് കാരണമാണ്. ബിജെപി ജയിക്കുമെന്ന് മാധ്യമങ്ങളും, പൊതുജനങ്ങളും പറഞ്ഞപ്പോഴാണ് ഈ തോല്‍വി, സിന്‍ഹ വ്യക്തമാക്കി.

കാളിഗഞ്ചില്‍ 2414 വോട്ടിനാണ് ബിജെപി തോറ്റത്. കരിംപൂരില്‍ തൃണമുല്‍ ഭൂരിപക്ഷം 24000 ആയി ഉയര്‍ന്നു. ഖരഗ്പൂര്‍ സാദറില്‍ 20,788 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപിക്ക് എതിരെ തൃണമുല്‍ നേടിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സംശയം രേഖപ്പെടുത്തി ബിജെപി നേതാവ് രംഗത്ത് വന്നത് പ്രതിപക്ഷത്തിന് ആയുധമായി മാറും.

Top