Anyone can take AIADMK Forward-Natarajan, Sasikala’s Husband

natarajan

ചെന്നൈ: ഏതൊരു സാധാരണക്കാരനും പാര്‍ട്ടിയെ മുന്നോട്ടുനയിക്കാനാകുമെന്നാണ് ശശികലയുടെ ഭര്‍ത്താവും എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകനുമായ എം. നടരാജന്‍.

പാര്‍ട്ടിയില്‍ ഇപ്പോള്‍ ശൂന്യതയില്ല. എം.ജി.ആറിന്റെയും അമ്മയുടെയും പേര് എത്ര നാളുകളോളം നിലനില്‍ക്കുമോ, അത്ര തന്നെ എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടിയും നിലനില്‍ക്കും. ഒരു ദേശീയ മാധ്യമത്തിനോടാണ് നടരാജന്‍ ഇങ്ങനെ പ്രതികരിച്ചത്.

എം.ജി.ആര്‍ മരണാസന്നനായി കിടന്നിരുന്ന വേളയില്‍ അമ്മയായിരിക്കണം അടുത്ത നേതാവെന്ന് ഞങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് വേറെയും പ്രധാന നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് അമ്മയ്ക്ക് ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അമ്മ 25 വര്‍ഷത്തോളം പാര്‍ട്ടിയെ നയിച്ചു, എം.ജി.ആറിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചെന്നും നടരാജന്‍ അഭിപ്രായപ്പെട്ടു.

ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാനും ജനങ്ങളെ പിടിച്ചുനിര്‍ത്താനുമുള്ള ഒരു നേതാവ് ഇനി പാര്‍ട്ടിയിലില്ല.

ജയലളിതയുടെ ‘ഉയിര്‍ തോഴി’ എന്ന പേരിലറിയപ്പെടുന്ന വി.കെ. ശശികല നടരാജന്‍ പാര്‍ട്ടിയുടെ നിയന്ത്രണമേറ്റെടുത്തേക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ തന്റെ പിന്‍ഗാമിയായി അജിത്തിനെ തലൈവി കണ്ടിരുന്നുവെന്നുമുള്ള തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

Top