‘ജനങ്ങള്‍ക്ക് നല്ലത് ചെയ്യണമെങ്കില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാം’; നടന്‍ വടിവേലു

ചെന്നൈ: ദളപതി വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന പ്രഖ്യാപനമാണ് തമിളകത്തെ ഏറ്റവും പുതിയ വാര്‍ത്ത. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന കക്ഷി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ റജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ചെയ്യുന്ന ചിത്രത്തിന് പുറമേ ഒരു ചിത്രവും കൂടി ചെയ്ത ശേഷം പൂര്‍ണ്ണമായും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാനാണ് വിജയിയുടെ തീരുമാനം. നിരവധി പേര്‍ ഇതു സംബന്ധിച്ച് വിജയിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വലിയ ഹൈപ്പ് ഉണ്ടാക്കും എന്നതിനാല്‍ ഡിഎംകെ, എഡിഎംകെ പോലുള്ള കക്ഷികള്‍ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. സിനിമ രംഗത്തുള്ളവരും തണുത്ത പ്രതികരണങ്ങളാണ് നടത്തിയത്.

അതേ സമയം വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് നടന്‍ വടിവേലു. അടുത്തിടെ മാമന്നന്‍ പോലുള്ള രാഷ്ട്രീയ ചിത്രങ്ങളുടെ ഭാഗമായ തമിഴകത്തെ ഹാസ്യ സാമ്രാട്ടായ വടിവേലു രാമേശ്വരത്ത് ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിച്ചത്. ആദ്യം ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു വടിവേലുവിന്റെ മറുപടി. തുടര്‍ന്നും ചോദ്യങ്ങള്‍ വന്നതോടെ വടിവേലു വിഷയത്തില്‍ പ്രതികരിച്ചു. ‘ജനങ്ങള്‍ക്ക് നല്ലത് ചെയ്യണമെങ്കില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാം. നിങ്ങള്‍ക്ക് എന്തുകൊണ്ട് പാടില്ല ഒരാള്‍ രാഷ്ട്രീയത്തില്‍ വരരുത് എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എംജിആര്‍, രജനികാന്ത്, വിജയ് തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തില്‍ വന്നില്ലെ. നല്ലത് ചെയ്യാനാണ് വന്നത്’ വടിവേലു പ്രതികരിച്ചു.

മുന്‍പ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു വടിവേലു. 2011 തെരഞ്ഞെടുപ്പ് കാലത്ത് നടന്‍ വിജയകാന്തിനെതിരെ ഡിഎംകെ പ്രചാരണത്തിന് ഇറങ്ങിയ വടിവേലുവിന് എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ തോറ്റതോടെ വളരെക്കാലം സിനിമ രംഗത്ത് നിന്നും മാറി നില്‍ക്കേണ്ടതായി വന്നു. പിന്നീട് ഡിഎംകെ ഭരണം തിരിച്ചുവന്ന ശേഷമാണ് വടിവേലു സിനിമയില്‍ സജീവമായത്. വിജയിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ വടിവേലു ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഫ്രണ്ട്‌സ്, പോക്കിരി, സച്ചിന്‍, മെരസല്‍ എന്നിവ വടിവേലുവും വിജയിയും ഒന്നിച്ച വിജയ ചിത്രങ്ങളാണ്.

Top