രാജ്യം എന്നത്‌ ജനങ്ങളാണെന്ന ബോധ്യമാണ്‌ ഏത്‌ ഭരണാധികാരിയെയും നയിക്കേണ്ടത്‌; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ജനങ്ങൾക്ക്‌ നൽകുന്ന ആനുകൂല്യങ്ങൾ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് പ്രതികരണവുമായി എം.വി ഗോവിന്ദൻ. പ്രഖ്യാപനം കോർപ്പറേറ്റ്‌ സാമ്പത്തിക നയങ്ങൾക്കുള്ള ആഹ്വാനമാണെന്നും, രാജ്യം എന്നത്‌ ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ്‌ ഏത്‌ ഭരണാധികാരിയേയും നയിക്കേണ്ടത്‌ എന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുകയെന്നതാണ്‌ ഒരു സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വം. സാമൂഹ്യവും – സാമ്പത്തികവുമായി അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്‌ പ്രത്യേക പരിഗണന നൽകുകയെന്നതും ഏറ്റവും പ്രധാനമാണ്‌. സമത്വമെന്ന ആശയമാവണം ഏത്‌ ഭരണാധികാരിയേയും നയിക്കേണ്ടത്‌. അതിൽ നിന്നുള്ള പരസ്യമായ പിന്മാറ്റമാണ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അംബാനിക്കും, അദാനിക്കും വേണ്ടി നടപ്പിലാക്കുന്ന നയങ്ങൾ രാജ്യത്ത്‌ വൻതോതിലുള്ള അസമത്വമാണ്‌ സൃഷ്ടിക്കുന്നത്‌. ഈ അസമത്വം പോലും ജനങ്ങളറിയാതിരിക്കുന്നതിന്‌ കണക്കുകൾ പോലും യഥാസമയം പ്രസിദ്ധീകരിക്കാതെ മുന്നോട്ടുപോകുകയാണ്‌ കേന്ദ്ര സർക്കാർ. ഇത്തരം നയങ്ങൾക്കെതിരെ എല്ലാ മേഖലയിലും ശക്തമായ പ്രക്ഷോഭങ്ങൾ വളർന്നുവരികയാണ്‌.

ഈ പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാണ്‌ വർഗ്ഗീയ സംഘർഷങ്ങൾ രാജ്യവ്യാപകമായി സൃഷ്ടിക്കുന്നത്‌. രാജ്യത്തിന്റെ വികസനമെന്നത്‌ കോർപ്പറേറ്റ്‌ വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഇതിനെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരണമെന്ന്‌ എം.വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

Top