any place deepa opposed to sasikala in tamilnadu election

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി പദം ഏറ്റെടുക്കാനൊരുങ്ങുന്ന ചിന്നമ്മക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.തമിഴകത്ത് വലിയ വെല്ലുവിളികളാണ് അവരെ കാത്തിരിക്കുന്നത്.

പ്രതീക്ഷിച്ചതാണെങ്കിലും സ്ഥാനം നഷ്ടപ്പെട്ടതില്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വവും കൂടെയുള്ളവരും അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി പദവിയും ഒരേ വ്യക്തി തന്നെ കൈകാര്യം ചെയ്യുക എന്നത് എം ജി ആറിന്റെ കാലം തൊട്ട് തുടര്‍ന്ന് വരുന്ന നയമാണെന്നാണ് സ്ഥാനാരോഹണത്തെ അനുകൂലിച്ച് ശശികല വിഭാഗം അണ്ണാ ഡിഎംകെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

അടുത്ത ആഴ്ച തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യും.

പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും ശശികലക്കൊപ്പമായതും ഇനിയും നാല് വര്‍ഷത്തിലധികം സര്‍ക്കാറിന് കാലാവധിയുണ്ടെന്നതും ശശികലക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളാണ്.

എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജയലളിത പ്രതിനിധീകരിച്ച ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നത് ശശികല നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇവിടുത്തെ വലിയ ഒരു വിഭാഗം പ്രവര്‍ത്തകരും ശശികലക്ക് എതിരാണ്.

സംസ്ഥാനത്തെ തന്നെ ആകെ സ്ഥിതിയും ഇതിന് സമാനമാണ്.ശശികലയുടെ കുടുംബ വാഴ്ചയിലേക്ക് തമിഴ്‌നാട് ഭരണം പോകുമെന്ന പ്രചരണം ശക്തവുമാണ്.

ശശികലയെ എതിര്‍ക്കുന്ന അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും അനുഭാവികളും ജയലളിതയുടെ സഹോദര പുത്രി ദീപ മുഖ്യമന്ത്രിയാവണമെന്നാണ് ആഗ്രഹിക്കുന്നത്.

ഇതിനായി ദീപ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ കൂടെ നില്‍ക്കുമെന്നാണ് അണികളിലെ വലിയ വിഭാഗത്തിന്റെ നിലപാട്. ദീപയുടെ ചെന്നൈയിലെ വസതിക്ക് മുന്‍പില്‍ ദിവസവും ആയിരകണക്കിന് പ്രവര്‍ത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിക്കെണ്ടിരിക്കുന്നത്.

ഈ മാസം അവസാനം പുതിയ പാര്‍ട്ടി ദീപ പ്രഖ്യാപിക്കാനിരിക്കെയാണ് പെട്ടന്ന് തന്നെ ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ദീപയുടെ കൂടെ പോവാതിരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം

സ്ഥാനമേറ്റെടുത്താല്‍ ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് എംഎല്‍ എ ആയി തിരഞ്ഞെടുക്കപ്പെടണമെന്നതാണ് ശശികല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി.

ജയലളിതയുടെ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ നിന്നും മാറി സുരക്ഷിതമായ മണ്ഡലമാണ് ആലോചനയില്‍.

ശശികല പറഞ്ഞാല്‍ രാജിവയ്ച്ച് തിരഞ്ഞെടുപ്പിന് കളമൊരുക്കാന്‍ അണ്ണാ ഡിഎംകെയുടെ എം എല്‍ മാരും ക്യൂവിലാണ്.

എന്നാല്‍ ശശികല എവിടെ മത്സരിച്ചാലും അവിടെ ദീപ മത്സരിക്കുമെന്ന അഭ്യൂഹവും തമിഴകത്ത് ശക്തമാണ്.ജയലളിതയുടെ സഹോദര പുത്രിയാണെന്നതും ജയലളിതയെ പോലുള്ള രൂപ സാദ്യശ്യവും ദീപക്ക് അനുകൂല ഘടകങ്ങളാണ്.

ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ വന്‍ തിരിച്ചടിക്കും കൂടെയുള്ള എം എല്‍ എമാര്‍ അടക്കമുള്ളവരുടെ കൊഴിഞ്ഞ് പോക്കിനും സാധ്യതയുള്ളതിനാല്‍ ശശികലയെ സംബന്ധിച്ച് നിര്‍ണ്ണായക ദിനങ്ങളാണ് വരാനിരിക്കുന്നത്.

മുഖ്യ മന്ത്രി പദമേറ്റെടുത്ത് ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ജനപിന്തുണ നേടാനാണ് ഇപ്പോള്‍ ശശികലയുടെ ശ്രമം.

Top