ഏത് ചിത്രമായാലും വേഷമായാലും ഇഷ്ടത്തോടെ ചെയ്യണം; രാജമൗലി നല്‍കിയ ഉപദേശത്തെക്കുറിച്ച് ആലിയ

തുടര്‍ച്ചയായി വിജയ ചിത്രങ്ങളുടെ പാതയിലാണ് ആലിയ ഭട്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമാ തെരഞ്ഞെടുപ്പുകളും കൊണ്ട് ആലിയ ഏവരെയും അമ്പരപ്പിക്കാറുണ്ട്. സിനിമ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പ്രശസ്ത സംവിധായകന്‍ രാജമൗലി തനിക്ക് നല്‍കിയ ഉപദേശം എന്താണെന്ന് ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ആലിയ.

‘ആര്‍ ആര്‍ ആര്‍’ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ രാജമൗലിയോട് തനിക്ക് ചേരുന്ന വേഷങ്ങളെക്കുറിച്ചും സിനിമയുടെ തെരഞ്ഞെടുപ്പുകളെ കുറിച്ചും ആലിയ ചോദിച്ചിരുന്നു. ‘ഏത് ചിത്രമായാലും വേഷമായാലും ഇഷ്ടത്തോടെ ചെയ്യണം. സിനിമ പരാജയമായാലും ആ ചിത്രത്തിലെ നിങ്ങളുടെ അഭിനയം മികച്ചതാണെങ്കില്‍ അത് ആളുകള്‍ സ്വീകരിക്കും’ എന്നായിരുന്നു രാജമൗലിയുടെ ഉപദേശം എന്നാണ് ആലിയ പറഞ്ഞത്. നേടിയതെല്ലാം സ്വയം തെരഞ്ഞെടുത്തതു കൊണ്ട് ഉണ്ടായ വിജയങ്ങള്‍ അല്ലെന്നും ഭാഗ്യം കൂടെ തനിക് കൂട്ടായി നിന്നിട്ടുണ്ടെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.

2022 ല്‍ പുറത്തിറങ്ങിയ രാജമൗലിയുടെ ഹിറ്റ് ചിത്രമായിരുന്നു ‘ആര്‍ ആര്‍ ആര്‍’. ചിത്രത്തില്‍ രാംചരണിന്റെ നായികയായെത്തിയത് ആലിയ ഭട്ടായിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ചിത്രം ഓസ്‌കറില്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

Top