എം.എൽ.എ – കളക്ടർ ‘ഏറ്റുമുട്ടൽ’ ഒടുവിൽ വിജയം കളക്ടർക്ക് തന്നെ !

നിലമ്പൂര്‍: കളക്ടര്‍-എം.എല്‍.എ പോരിനൊടുവില്‍ ചളിക്കല്‍ കോളനിക്കാര്‍ അര്‍ഹതപ്പെട്ട വീടുകള്‍ സ്വന്തമാക്കിയത് ഹൈക്കോടതിയിലെ നിയമപോരാട്ടത്തിലൂടെ. ഇന്ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കോല്‍ദാനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുമ്പോള്‍ അത് ചളിക്കല്‍ കോളനിക്കാരുടെ നിയമപോരാട്ടത്തിന്റെയും ഒപ്പം മലപ്പുറം കളക്ടര്‍ ജാഫര്‍മാലിക്കിന്റെ നിലപാടിന്റെ വിജയംകൂടിയാവുകയാണ്.

2018ലെ പ്രളയത്തിലാണ് ചാലിയാറിന്റെ പോഷകനദിയായ നീര്‍പ്പുഴ കരകവിഞ്ഞൊഴുകി പട്ടികവര്‍ഗത്തിലെ പണിയ വിഭാഗത്തിലെ 34 കുടുംബങ്ങള്‍ താമസിക്കുന്ന പോത്തുകല്‍ പഞ്ചായത്തിലെ ചളിക്കല്‍ കോളനി തകര്‍ന്നത്. മുന്‍ കളക്ടര്‍ ജാഫര്‍മാലിക് മുന്‍കൈയ്യെടുത്ത് ഐ.ടി.ഡി.പി ആദിവാസി പുനരുദ്ധാരണ പദ്ധതിപ്രകാരം എടക്കര വില്ലേജിലെ ചെമ്പന്‍കൊല്ലിയില്‍ 5 ഏക്കര്‍ 26 സെന്റ് വിലക്ക് വാങ്ങി ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ) ഫണ്ടുപയോഗിച്ച് 34 വീടുകളുടെ പണി തുടങ്ങി.

സ്ഥലം വാങ്ങിയത് താന്‍ അറിയാതെയാണെന്നും ഈ വീടുകള്‍ കവളപ്പാറ ദുരന്തത്തിനിരയായവര്‍ക്ക് നല്‍കണമെന്നുമാവശ്യപ്പെട്ട് പി.വി അന്‍വര്‍ ജനുവരിയില്‍ വീടുനിര്‍മ്മാണം തടഞ്ഞതോടെയാണ് വിവാദമായത്. പ്രളയപുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് വാങ്ങുന്നതിന് പി.വി അന്‍വര്‍ എം.എല്‍.എ നിര്‍ബന്ധിച്ചതായി ഗുരുതരമായ വെളിപ്പെടുത്തലുമായി മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് രംഗത്തെത്തുകയും ചെയ്തു.

സഥലം വാങ്ങുന്നത് എം.എല്‍.എയെയും ജനപ്രതിനിധികളെയും അറിയിച്ചില്ലെന്നും കവളപ്പാറക്കാര്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കിയിട്ടു മതി മറ്റുള്ളവര്‍ക്ക് വീടെന്നുമായിരുന്നു എം.എല്‍.എയുടെ നിലപാട്. എന്നാല്‍ കവളപ്പാറക്കാരെ ഈ സ്ഥലം കാണിച്ചെങ്കിലും അവര്‍ക്ക് പോത്തുകല്‍ പഞ്ചായത്തില്‍ തന്നെ വീടുമതിയെന്ന് അറിയിച്ചതോടെയാണ് ഇത് ചളിക്കല്‍ കോളനിക്കാര്‍ക്ക് നല്‍കുന്നതെന്നുമാണ് കളക്ടര്‍ വിശദീകരിച്ചത്.

ഭൂമി ഏറ്റെടുക്കുന്നതില്‍ അഴിമതിയുണ്ടെന്നും കളക്ടര്‍ അഹങ്കാരിയാണെന്നും മുഖ്യമന്ത്രിക്ക് പരാതിനല്‍കുമെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ എം.എല്‍.എ ഉന്നയിച്ചത്. ഇതിനു മറുപടിയായി തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ഞാന്‍ അഹങ്കാരിയാണെന്ന് കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എല്‍.എക്ക് മറുപടിയും നല്‍കി. സര്‍ക്കാരിന് ആറു കോടിയോളം രൂപ അനാവശ്യ നഷ്ടമുണ്ടാക്കു നടപടി തടയുകയാണ് ചെയ്തതെന്ന് വിശദീകരിച്ചു.

പ്രളദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യലല്ല എന്റെ ജോലിയെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നാണ് എം.എല്‍.എ പറഞ്ഞത്. പരാതി നല്‍കുന്നതിനെ സ്വാഗതം ചെയ്യുകയായിരുന്നു താനെന്നും കളക്ടര്‍ വിശദീകരിച്ചു. സ്പോണ്‍സര്‍ ഷിപ്പായി ലഭിച്ച 12 ഏക്കര്‍ ഭൂമി വീടു നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷത്തിന് പ്ലോട്ടായി വില്‍ക്കാന്‍ കഴിയുന്നത് എങ്ങിനെയാണ്. ഇക്കാര്യം തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും കളക്ടര്‍ പറഞ്ഞു. സ്ഥലം ഇടപാടില്‍ പണംവാരാനായി ചിലര്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ഇതോടെ കളക്ടര്‍ക്കെതിരെ മാനനഷ്ടത്തിന് എം.എല്‍.എ വക്കീല്‍നോട്ടീസും അയച്ചു.

മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും ചെമ്പന്‍കൊല്ലിയിലെ വീടുകള്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് നല്‍കാന്‍ നടപടിയുണ്ടായില്ല. ഇതിനിടെ ജാഫര്‍ മാലിക് കളക്ടര്‍ സ്ഥാനത്തുനിന്നും സ്ഥലംമാറിപ്പോവുകയും ചെയ്തു. പുതിയ കളക്ടറെത്തിയപ്പോള്‍ ഈ വീടുകള്‍ കവളപ്പാറക്കാര്‍ക്ക് കൈമാറാന്‍ നീക്കം നടന്നെങ്കിലും ഈ വീടുകള്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് തന്നെ നല്‍കണമെന്നും തങ്ങള്‍ക്ക് പോത്തുകള്‍ പഞ്ചായത്തില്‍ കളക്ടര്‍ കണ്ടെത്തിയ സ്ഥലത്ത് വീടുകള്‍ മതിയെന്നുമാണ് കവളപ്പാറക്കാര്‍ പറഞ്ഞത്. ഇതോടെയാണ് രാഷ്ട്രീയ ചേരിപ്പോരുകാരണം താക്കോല്‍ദാനം നടക്കുന്നില്ലെന്നും വീടുകള്‍ വേഗത്തില്‍ കൈമാറണമെന്നുമാവശ്യപ്പെട്ട് ചളിക്കല്‍ കോളനിയിലെ സി.പി ചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. മാര്‍ച്ചില്‍ തന്നെ വീടുകളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ കാരണത്താലാണ് താക്കോല്‍ദാനം നീളുന്നതെന്നും ഫെഡറല്‍ ബാങ്ക് കോടതിയെ അറിയിച്ചു.

രാഷ്ട്രീയചേരിപ്പോര് കാരണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം നീളുന്നത് നീതീകരിക്കാനാവില്ലെന്ന വിലയിരുത്തിയ ജസ്റ്റിസ് അനു ശിവരാമന്‍ മൂന്നാഴ്ചക്കകം വീടിന്റെ താക്കോലുകള്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് കൈമാറണമെന്ന് ജൂണ്‍ 20തിന് ഉത്തരവിടുകയും ചെയ്തു. ഇതോടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ വീട് കൈമാറാന്‍ നടപടിയായത്. 34 കുടുംബങ്ങള്‍ക്കും 10 സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്. എല്ലാ വീട്ടിലേക്കും 12 അടി വീതിയില്‍ റോഡ് നിര്‍മ്മിച്ചിട്ടുണ്ട്.

അതേസമയം 59 പേരുടെ ജീവന്‍ കവര്‍ന്നകവളപ്പാറ ദുരന്തത്തിനിരയാവര്‍ക്കുള്ള പുനരധിവാസ പദ്ധതി എവിടെയുമെത്തിയിട്ടില്ല. കവളപ്പാറ പുനരധിവാസത്തിനായി മുന്‍ കളക്ടര്‍ ജാഫര്‍മാലിക് സമര്‍പ്പിച്ച 30,000 രൂപക്ക് 9 എക്കര്‍ ഭൂമി വാങ്ങി ഭൂദാനം നവകേരള ഗ്രാമം നിര്‍മ്മിക്കാനുള്ള പദ്ധതി ആദ്യം സര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനം ഇറക്കിയെങ്കിലും എം.എല്‍.എയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. 30,000 രൂപയിലും കുറവ് വിലക്ക് ഭൂമി ലഭിക്കാനുണ്ടെന്നായിരുന്നു എം.എല്‍.എയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ പുനര്‍വിജ്ഞാപനം ഇറക്കിയെങ്കിലും കുറഞ്ഞ വിലക്ക് ഭൂമി ലഭ്യമാക്കാന്‍ എം.എല്‍.എക്ക് കഴിഞ്ഞില്ല. ഇതോടെ ഭൂദാനം നവകേരള ഗ്രാമം പദ്ധതി തന്നെ അട്ടിമറിക്കുകയായിരുന്നു.

പുനരധിവാസം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കവളപ്പാറ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചതോടെ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം സര്‍ക്കാര്‍ സഹായം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍ തടിയൂരുകയായിരുന്നു. എന്നാല്‍ ഉത്തരവല്ലാതെ പണം ഇതുവരെ ദുരന്തബാധിതര്‍ക്ക ലഭിച്ചിട്ടില്ല. ഇതിനിടെ ദുരന്തബധിതര്‍ക്ക് ലഭിക്കുന്ന പണം ഭൂമി കച്ചവടത്തിലൂടെ അടിച്ചുമാറ്റാന്‍ ഭൂമാഫിയയും രംഗത്തെത്തിയിട്ടുണ്ട്. 30,000 രൂപക്ക് കളക്ടര്‍ ഏറ്റെടുക്കാന്‍ നിശ്ചയിച്ച ഭൂമിയില്‍ നിന്നും അരകിലോമീറ്റര്‍ അകലെ ഭൂമിക്ക് പ്ലോട്ടുകളാക്കി ഒരു ലക്ഷം വരെ വിലയിട്ടാണ് കച്ചവടത്തിന് കോപ്പുകൂട്ടുന്നത്.

നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ 59 പേര്‍ മരണപ്പെട്ടപ്പോള്‍ വയനാട്ടിലെ പുത്തുമലയില്‍ 17 പേരുടെ ജീവനാണ് നഷ്ടമായത്. ഒരേ ദിവസം നടന്ന ദുരന്തത്തില്‍ നിലമ്പൂരില്‍ പുനരധിവാസം എവിടെയുമെത്താതെ കവളപ്പാറക്കാര്‍ കണ്ണീര്‍ സമരം വരെ നടത്തേണ്ടി വന്നപ്പോള്‍ പുത്തുമലയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് മാതൃകാഗ്രാമം തയ്യാറായി അവിടെ വീടുപണി ആരംഭിച്ചിരിക്കുകയാണ്. സി.പി.എം എം.എല്‍.എ സി.കെ ശശീന്ദ്രനാണ് പുത്തുമലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പി.വി അന്‍വര്‍ കണ്ടു പഠിക്കേണ്ടത് ശശീന്ദ്രനെയാണ്. സൗജന്യമായി ലഭിച്ച ഭൂമി സര്‍ക്കാരിനെക്കൊണ്ട് വിലക്ക് വാങ്ങിക്കുന്ന തട്ടിപ്പല്ല പുത്തുമലയില്‍ നടന്നത്. 8.40 ഏക്കര്‍ഭൂമി ഏറ്റെടുത്ത് 56 കുടുംബങ്ങള്‍ക്ക് 6.5 സെന്റ് വീതമുള്ള പ്ലോട്ടുകളായാണ് തിരിച്ചിരിക്കുന്നത്. ഇവിടെ വീടാവശ്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം നല്‍കും. മാതൃകാഗ്രാമത്തില്‍ ആരോഗ്യകേന്ദ്രവും കുടിവെള്ള പദ്ധതിയും അംഗണ്‍വാടിയും കളിസ്ഥലവും ഹരിതമേഖലയുമെല്ലാമുണ്ട്. ഇവിടെ പുനരധിവാസ പദ്ധതിക്കായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും കളക്ടര്‍ അദീല അബ്ദുള്ളയും ഒറ്റ മനസോടെയാണ് പ്രവര്‍ത്തിച്ചത്.

Top