തോമസ് ചാണ്ടിക്കെതിരെ തിരിച്ച ‘ആയുധം’ അൻവറിനു മുന്നിൽ അടിയറവ് വച്ച് മന്ത്രി !

മലപ്പുറം: മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ച് തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം തെറിപ്പിച്ച സി.പി.ഐക്ക് പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ വകുപ്പ് നടപടിയെടുക്കാത്തതില്‍ മൗനം.

അന്‍വറിന്റെ അനധികൃത തടയണ പൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ഹൈക്കോടതിയിലടക്കം റവന്യൂ വകുപ്പ് ഒത്തുകളിക്കുകയാണ്. കക്കാടംപൊയിലിലെ അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്കിലെ ഉരുള്‍പൊട്ടലില്‍ പാര്‍ക്കിന് സ്റ്റോപ് മെമ്മോ നല്‍കിയതല്ലാതെ ദുരന്ത സാധ്യതാ പഠനമടക്കമുള്ളവക്കൊന്നും റവന്യൂ വകുപ്പ് തയ്യാറാകുന്നില്ല.

സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ മലയുടെ വശം ചെത്തി നിര്‍മ്മിച്ച പാര്‍ക്ക് ദുരന്ത സാധ്യതാ പ്രദേശത്തെന്നു റിപ്പോര്‍ട്ട് നല്‍കിയ കോഴിക്കോട് കളക്ടര്‍ പിന്നീട് ദുരന്ത സാധ്യതാ സ്ഥലത്തല്ല പാര്‍ക്കെന്ന് വിശദ റിപ്പോര്‍ട്ട് നല്‍കി അന്‍വറിനെ വഴിവിട്ടു സഹായിച്ചു.

WhatsApp Image 2018-06-21 at 4.46.14 PM

വനത്തില്‍ നിന്നുത്ഭവിച്ച് വനത്തിലേക്കുപോവുന്ന കാട്ടരുവി തടഞ്ഞ് ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചുള്ള തടയണ നിയമവിരുദ്ധവും ദുരന്ത സാധ്യതയുള്ളതെന്നും കണ്ടെത്തിയാണ് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ ചീങ്കണ്ണിപ്പാലിയിലെ അന്‍വറിന്റെ തടയണപൊളിക്കാന്‍ ഉത്തരവിട്ടത്. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 14 ദിവസത്തിനകം ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ തടയണ പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു കളക്ടറുടെ ഉത്തരവ്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു പറഞ്ഞ് അന്‍വറിന്റെ ഭാര്യാപിതാവ് തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ റോഡിലെ അഫ്സ മഹല്‍ അബ്ദുല്‍ലത്തീഫ് ഹൈക്കോടതിയെ സമീപിച്ച് ഡിസംബര്‍ 20തിന് സ്റ്റേ ഉത്തരവ് സമ്പാദിച്ചു. ഈ സ്റ്റേ നീക്കി തടയണ പൊളിക്കാന്‍ ആറു മാസമായും യാതൊരു നടപടിയും റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടില്ല. എതിര്‍ സത്യവാങ്മൂലം പോലും സമര്‍പ്പിച്ചിട്ടില്ല. സ്റ്റേ നീക്കി തടയണ പൊളിക്കാനുള്ള നീക്കവും നടത്തുന്നില്ല. ഇതോടെ നിയമവിരുദ്ധ തടയണ പൊളിക്കപ്പെടാതെ സംരക്ഷിക്കപ്പെടുകയാണ്.

കരാര്‍ പ്രകാരം സ്ഥലം കൈവശം വാങ്ങി 2015ല്‍ പി.വി അന്‍വറാണ് അനധികൃതമായി മലയിടിച്ച് കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. നിയമവിരുദ്ധമാണെന്നു കണ്ടെത്തിയ തടയണ പൊളിച്ചു നീക്കി തുടര്‍ നടപടി സ്വീകരിക്കാന്‍ 2015ല്‍ സെപ്തംബര്‍ ഏഴിന് അന്നത്തെ ജില്ലാ കളക്ടര്‍ ടി. ഭാസ്‌ക്കരന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്‍വര്‍ തടയണ പൊളിക്കാതെ സംരക്ഷിക്കുകയായിരുന്നു.

WhatsApp Image 2018-06-21 at 4.52.39 PM

എം.എല്‍.എയായതോടെ തടയണ കെട്ടിയുണ്ടാക്കിയ കൃത്രിമ തടാകത്തില്‍ കക്കാടംപൊയില്‍ വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായി ബോട്ടിങ് ആരംഭിച്ചതോടെയാണ് വീണ്ടും വിവാദമായത്. പരാതി ഉയര്‍ന്നതോടെ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ സംയുക്ത പരിശോധനയും തെളിവെടുപ്പും നടത്തി. ഇതിനിടെ അന്‍വര്‍ സ്ഥലം ഭാര്യാപിതിവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയായിരുന്നു.

തടയണ കെട്ടിയ സ്ഥലം മുമ്പ് തന്റെ കൈവശമായിരുന്നെങ്കിലും ഇപ്പോള്‍ ഉടമസ്ഥാവകാശമില്ലെന്നാണ് അന്‍വര്‍ ആര്‍.ഡി.ഒയുടെ തെളിവെടുപ്പില്‍ സത്യവാങ്മൂലം നല്‍കിയത്. തടയണയല്ലെന്നും മഴവെള്ള സംഭരണിയാണെന്നായിരുന്നു ഭാര്യാപിതാവിന്റെ വാദം. ഉപഗ്രഹ ചിത്രങ്ങള്‍ വരെ പരിശോധിച്ച ശേഷം ഈ വാദങ്ങളെല്ലാം തള്ളി ദുരന്തനിവാരണ നിയമപ്രകാരം തടയണ പൊളിച്ചുനീക്കണമെന്ന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ തടയണ പൊളിക്കാന്‍ ഉത്തരവിട്ടത്.

കോഴിക്കോട് കട്ടിപ്പാറയില്‍ 14 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലിനിടയാക്കിയത് ഇതിനു മുകളില്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള തടയണയായിരുന്നു. ചീങ്കണ്ണിപ്പാലിയില്‍ 20 മീറ്റര്‍ വീതിയില്‍ 15 മീറ്റര്‍ താഴ്ചയിലുള്ള തടയണയില്‍ 30 ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്.

കട്ടിപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചീങ്കണ്ണിപ്പാലി തടയണ പൊളിച്ചുനീക്കുന്നതിനെതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് തടയണക്കെതിരായ പരാതിക്കാരന്‍ എം.പി വിനോദ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.കേസില്‍ കക്ഷി ചേര്‍ത്തതിനെതുടര്‍ന്ന് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ബെച്ചു കുര്യന്‍ തോമസ്, ജോര്‍ജ് എ ചെറിയാന്‍ എന്നിവര്‍ വഴി എതിര്‍ സത്യവാങ്മൂലം ഫയല്‍ചെയ്യുകയും ചെയ്തു.

Top