ANUSHKA STATEMENT

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അനുഷ്‌ക ശര്‍മ്മ. സുല്‍ത്താന്‍ എന്ന ചിത്രത്തിനു ശേഷം അനുഷ്‌ക നായികയായി എത്തുന്ന ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

പക്ഷേ ചിത്രത്തെക്കുറിച്ചു പറയുമ്പോള്‍ ഒരിത്തിരി വേദന നിറഞ്ഞ അനുഭവവും അനുഷ്‌കയ്ക്കു പങ്കുവെക്കാനുണ്ട്.

ചിത്രത്തിലെ ഗാനരംഗത്തിനു വേണ്ടി സുന്ദരിയായി കളിചിരികളോടെ നടന്നെത്തിയ അനുഷ്‌ക പക്ഷേ ഉള്ളില്‍ അത്ര സന്തുഷ്ടയായിരുന്നില്ല, കാരണം മറ്റൊന്നുമല്ല ആ രംഗത്തില്‍ അനുഷ്‌ക അണിഞ്ഞ ലെഹങ്കയുടെ ഭാരം ഒന്നുംരണ്ടുമല്ല പതിനേഴു കിലോയാണ്.

അഞ്ചു കിലോ ഭാരം തൂക്കി നടക്കുമ്പോഴേക്കും കൈകഴച്ചു വിഷമിച്ചിരിക്കുന്നവര്‍ പതിനേഴു കിലോ തൂക്കി അനുഷ്‌ക കൂളായി അഭിനയിച്ച രംഗം കാണേണ്ടതാണ്, രാജകുമാരിയെപ്പോലെ സുന്ദരിയായി അരങ്ങിലേക്കു വരുന്ന അനുഷ്‌കയെ കണ്ടാല്‍ ആരും നോക്കി നിന്നു പോവും. എന്നാല്‍ വസ്ത്രത്തിന്റെ ഭാരത്തെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ അനുഷ്‌കയ്ക്ക് ഇപ്പോഴും അത്ഭുതമാണ്.

”പതിനേഴു കിലോ ഭാരമായിരുന്നു ആ വസ്ത്രത്തിന്, പോരാത്തതിന് ആഭരണത്തിന്റെ തൂക്കം വേറെയും. അതായത് ഒരേസമയം ഏതാണ്ട് ഇരുപതു കിലോ ഭാരം ചുമന്നുകൊണ്ടാണ് താന്‍ അത്രയും കൂളായി അഭിനയിച്ചത്. ആ ലെഹങ്കയണിഞ്ഞു വെറുതെ നടക്കുന്നതുപോലും ഒരു വര്‍ക്ഔട്ട് പോലെയാണു തോന്നിച്ചത്. വളരെയേറെ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്.”അനുഷ്‌ക പറയുന്നു.

അനുഷ്‌ക അവതരിപ്പിക്കുന്ന അലിസെഹ് എന്ന കഥാപാത്രത്തിന്റ വിവാഹച്ചടങ്ങുകള്‍ അവതരിപ്പിക്കുന്ന ഗാനരംഗത്തിലാണ് ഇത്രയും ഭാരമേറിയ ലെഹങ്കയണിയുന്നത്.

വളരെ സുന്ദരിയായൊരു കല്ല്യാണപ്പെണ്ണിനെപ്പോലെ കാണുമ്പോള്‍ തോന്നിക്കുമെങ്കിലും ഉള്ളില്‍ തനിക്കൊരിക്കലും അത്തരത്തില്‍ ഫീല്‍ ചെയ്തില്ലെന്നും അനുഷ്‌ക പറയുന്നു.

ബോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ മുഷ്‌കില്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ റായ്, രണ്‍ബീര്‍ കപൂര്‍, ഫവാദ് ഖാന്‍ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ദീപാവലിക്കാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുന്നത്.

Top