മത വികാരം വ്രണപ്പെടുത്തി, അനുഷ്‌ക ചിത്രം പാരിക്ക് പാക്കിസ്ഥാനില്‍ വിലക്ക്

ഇസ്ലാമാബാദ്: അനുഷ്‌ക ശര്‍മയുടെ പുതിയ സിനിമ ‘പാരി’ക്കു പാക്കിസ്ഥാനില്‍ വിലക്ക്. ചിത്രം മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഖുറാന്‍ വചനങ്ങള്‍ തെറ്റായി ഉപയോഗിച്ചുവെന്നും, മുസ്ലീം വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖുറാന്‍ വാക്യങ്ങള്‍ ദുര്‍മന്ത്രവാദത്തിനു ഉപയോഗിക്കുന്നവയാണെന്ന രീതിയിലാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. പാരിയിലെ തിരക്കഥയും സംഭാഷണങ്ങളും കഥയും ഇസ്ലാമിക് മൂല്യങ്ങള്‍ക്കു വിരുദ്ധമായവയാണ്. തങ്ങളുടെ സംസ്‌കാരത്തിനും ഇസ്ലാമിക് ചരിത്രത്തിനും എതിരായാല്‍ ഏതൊരു സിനിമയാണെങ്കിലും നിരോധിക്കുമെന്നും പാക് സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി.

നവാഗതനായ പ്രോസിത് റോയ് സംവിധാനം ചെയ്ത ചിത്രം അനുഷ്‌കയുടെ ഉടമസ്ഥതയിലുള്ള ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്.

സിനിമ നിരോധിക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ പാക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.

രാജ്യത്തിന്റെ മതവിശ്വാസത്തിനും, സംസ്‌കാരത്തിനും വിരുദ്ധമായ സിനിമ നിരോധിച്ചത് ശരിയായ തീരുമാനമാണെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ നിലപാട്. കഴിഞ്ഞ മാസം ബോളിവുഡ് ചിത്രങ്ങളായ പാഡ്മാനും പാകിസ്താനില്‍ നിരോധിച്ചിരുന്നു.

Top