കണ്ണ് നിറഞ്ഞ് കൊഹ്‌ലി, ചേര്‍ത്ത് പിടിച്ച് അനുഷ്‌ക; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമായി പുനര്‍നാമകരണം ചെയ്യുന്ന ചടങ്ങിനിടെ നിറകണ്ണുകളുമായി കോഹ്ലി. സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്ന ചടങ്ങില്‍ വച്ച് ഒരു പവലിയന് കോഹ്ലിയുടെ പേരും നല്‍കി. ഇതിനോട് അനുബന്ധിച്ച് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ കോഹ്ലിയുടെ കരിയറിന്റെ ഒരു ചെറുവീഡിയോ പ്രദര്‍ശിപ്പിച്ചു. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു കോഹ്ലി ചടങ്ങിനെത്തിയത്.

ചടങ്ങിനിടെ കോഹ്ലിയുടെ പിതാവിനെക്കുറിച്ചും അരുണ്‍ ജയ്റ്റ്ലിയെക്കുറിച്ചും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ സ്മരിച്ചപ്പോള്‍ അനുഷ്‌ക വികാരഭരിതനായി കണ്ണുകള്‍ നിറഞ്ഞ കോഹ്ലിയുടെ കൈകളില്‍ ചുംബിച്ചു. വിരാട് കോഹ്ലിയുടെ പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ അരുണ്‍ ജയ്റ്റ്ലിക്ക് വിരാടിനെ കാണാന്‍ സാധിച്ചില്ല. പിതാവിന്റെ ആഗ്രഹ സഫലീകരണത്തിനായി അര്‍പ്പണബോധത്തോടെ ക്രിക്കറ്റ് കളത്തിലായിരുന്നു വിരാട് അപ്പോള്‍. വിരാട് ഒരിക്കല്‍ ഇന്ത്യയിലെ വന്‍ താരമാകുമെന്ന് ജയ്റ്റ്ലി അന്ന് പറഞ്ഞിരുന്നതായും രജത് ശര്‍മ സ്മരിച്ചു. ഇതിനിടയിലുള്ള കോഹ്ലിയും അനുഷ്‌കയും തമ്മിലുള്ള സ്നേഹ നിമിഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Top