ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന് ഭാര്യയെ പഴിചാരുന്നത് എന്തിന്; ഗവാസ്‌കറിനെതിരെ അനുഷ്‌ക

ദുബായ്: ഐ.പി.എല്ലില്‍ ബെംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കൊഹ്‌ലിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സുനില്‍ ഗാവസ്‌കറിനെതിരെ വിരാട് കൊഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ രംഗത്ത്. ലോക്ക്ഡൗണ്‍ സമയത്ത് കൊഹ്‌ലി അനുഷ്‌കയുടെ ബൗളിങ്ങ് നേരിടാന്‍ മാത്രമാണ് പഠിച്ചതെന്നായിരുന്നു ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞത്.

കമന്ററി പറയുമ്പോള്‍ ഓരോ കളിക്കാരന്റേയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഗാവസ്‌കര്‍ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതുപോലെ തുല്ല്യമായ ബഹുമാനം തിരിച്ചുമുണ്ടായിരിക്കില്ലേ എന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അനുഷ്‌ക ചോദിക്കുന്നു. ഗാവസ്‌കറുടെ കമന്റ് അരുചികരമായിരുന്നെന്നും ഭര്‍ത്താവിന്റെ മോശം പ്രകടനത്തില്‍ ഭാര്യയെ പഴിചാരുന്നത് എന്തിനാണെന്നും അനുഷ്‌ക ചോദിച്ചു.

കഴിഞ്ഞ രാത്രി എന്റെ ഭര്‍ത്താവിന്റെ പ്രകടനത്തെ കുറിച്ച് പറയാന്‍ നിങ്ങളുടെ മനസ്സില്‍ മറ്റ് അനേകം വാക്കുകളുണ്ടായിരുന്നെന്ന എനിക്ക് അറിയാം. അവിടെ എന്റെ പേര് ഉപയോഗിച്ചാല്‍ മാത്രമേ നിങ്ങളുടെ വാക്കുകള്‍ പ്രസക്തമാകൂ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇത് 2020 ആണ്. എന്റെ കാര്യങ്ങളില്‍ ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് അവസാനിക്കുക? എപ്പോഴാണ് ഇത്തരം പ്രസ്താവനകള്‍ അവസാനിക്കുക? ബഹുമാനപ്പെട്ട ഗവാസ്‌കര്‍, ഈ മാന്യന്‍മാരുടെ ഗെയിമിലെ പേരുകളില്‍ ഉയരത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് നിങ്ങള്‍. നിങ്ങള്‍ അതു പറയുന്നതു കേട്ടപ്പോള്‍ ഞാന്‍ ഇത്രയും നിങ്ങളോട് പറയാന്‍ ആഗ്രഹിച്ചു’. അനുഷ്‌ക ഇന്‍സ്റ്റഗ്രാമിലൂടെ ചോദിക്കുന്നു.

Top