എങ്ങുമെത്താതെ അനുരാഗ് ഠാക്കൂറുമായുള്ള ചർച്ച, ഇന്നും തുടരാൻ സാധ്യത

ഡൽഹി: ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങളുമായി കായികമന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ രാത്രി 10 മണിക്ക് ആരംഭിച്ച ചർച്ച തുടർന്നത് നാലര മണിക്കൂർ. ഇന്ന് പുലർച്ചെ 2 മണിവരെ ന്യൂ ഡൽഹിയിലെ അനുരാഗ് ഠാക്കൂറിന്റെ വസതിയിൽ തുടർന്ന ചർച്ചക്ക് ശേഷം പുറത്തേക്ക് വന്ന താരങ്ങൾ മാധ്യമങ്ങളെ അഭിമുഖീകരിച്ചില്ല.

മുതിർന്ന ഗുദത്തി താരങ്ങളായ സാക്ഷീ മാലിക്, ബജ്‌രംഗ് പൂനിയ വിനേഷ് ഫോഗട്ട്, രവി ദാഹിയ എന്നിവരാണ് സമരത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. ഈ വിഷയത്തിലുള്ള പ്രതികരണം ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ ഇന്ന് ഉച്ചയോടെ കായികമന്ത്രാലയത്തെ അറിയിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ, സ്വയം സ്ഥാനമൊഴിയാനായി ബ്രിജ് സിങിന് 24 മണിക്കൂർ സമയം നൽകിയിട്ടുണ്ടെന്നും ഇല്ലെങ്കിൽ പുറത്താക്കപ്പെടുമെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇതിനിടയിൽ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡന്റ് പിടി ഉഷ അറിയിച്ചിട്ടുണ്ട്.

Top