Anurag Thakur unanimously elected as new BCCI president

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി അനുരാഗ് ഠാക്കൂറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിന്റെ പിന്‍ഗാമിയായി, മുംബൈയില്‍ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് അനുരാഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ, ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന പെരുമയും നാല്‍പത്തിയൊന്നുകാരനായ അനുരാഗിന് സ്വന്തം.

ഇക്കുറി പ്രസിഡന്റിനെ നാമനിര്‍ദേശം ചെയ്യാന്‍ അവകാശമുള്ള കിഴക്കന്‍ മേഖലിലെ ആറ് സംസ്ഥാന അസോസിയേഷനുകള്‍ അനുരാഗിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാമനിര്‍ദേശ പത്രികയില്‍ അസോസിയേഷനുകളുടെ പ്രതിനിധികള്‍ ഒപ്പുവച്ചതോടെ, തിരഞ്ഞെടുപ്പ് നടപടികള്‍ ഔപചാരികത മാത്രമാവുകയും ചെയ്തു.

മല്‍സരിക്കാന്‍ ഒരു സംസ്ഥാന അസോസിയേഷന്റെ പിന്തുണ മതിയെന്നിരിക്കെ, ആറെണ്ണത്തിന്റെ പിന്തുണ ഉറപ്പാക്കിയത് ബിസിസിഐ മുന്‍ സെക്രട്ടറി കൂടിയായ അനുരാഗിനു നേട്ടമായി. നേരത്തെ, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സാന്നിധ്യത്തിലാണ് അനുരാഗ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

രാജ്യത്തെ ക്രിക്കറ്റ് ഭരണസമിതി ഉടച്ചുവാര്‍ക്കാനുള്ള ജസ്റ്റിസ് ലോധ സമിതിയുടെ ശുപാര്‍ശകള്‍ സുപ്രീംകോടതിയില്‍ ബിസിസിഐയ്ക്കു തലവേദന സൃഷ്ടിക്കുന്ന വേളയില്‍ ഏറ്റെടുക്കുന്ന പ്രസിഡന്റ് പദവി അനുരാഗിന് എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. അനുരാഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കണമെന്നണ് സമിതിയുടെ ശുപാര്‍ശ.

Top