കായികതാരങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍; പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വസിക്കണമെന്നും അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. അതേ സമയം സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നതിനെതിരെ കേന്ദ്രമന്ത്രി വിമര്‍ശനമുന്നയിച്ചു. സമരം രാഷ്ട്രീയ വേദി ആക്കി മാറ്റില്ല എന്ന് താരങ്ങള്‍ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കള്‍ സമരവേദിയില്‍ എത്തുന്നു. അന്വേഷണം നിയമപ്രകാരം തന്നെ നടക്കും. ഡല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികള്‍ സ്വീകരിച്ചത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ലൈംഗികാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ഡല്‍ഹി പൊലീസ് നിലപാടെടുത്തു. ബ്രിജ് ഭൂഷന്‍ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസില്‍ 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കേസില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാന്‍ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കര്‍ഷക സംഘടനകളും തീരുമാനിച്ചതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ പ്രതിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Top