രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: വിദേശ രാജ്യ സന്ദര്‍ശനം നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിന് ഇഷ്ടപ്പെട്ടില്ലെന്നും താക്കൂര്‍ പറഞ്ഞു. അമേരിക്കയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോള്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു.

ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയില്‍ ചോദ്യങ്ങളില്ല. ഉത്തരങ്ങള്‍ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയില്‍ രാഹുല്‍ഗാന്ധി പരിഹസിച്ചു. ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥന്‍മാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചതെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താക്കൂര്‍ രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ, ലണ്ടന്‍ സന്ദര്‍ശനത്തിലും രാഹുല്‍ മോദിക്കെതിരെ വിമര്‍ശനുന്നയിച്ചിരുന്നു. ബിജെപിയെ വിമര്‍ശിച്ച രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്ന് ലോക്‌സഭയിലടക്കം ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Top