ഷാ നിങ്ങള്‍ മൃഗമാണ്, ചരിത്രം നിങ്ങളുടെ പ്രസ്ഥാനത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും; അനുരാഗ് കശ്യപ്

ഡല്‍ഹി: ബി.ജെ.പി അനുയായികളുടെ ഗുണ്ടാവിളയാട്ടത്തില്‍ പ്രതികരണവുമായി ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപ് രംഗത്ത്. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതിഷേധക്കാരനെ ബി.ജെ.പി അനുയായികള്‍ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം.

ആഭ്യന്തരമന്ത്രി അമിത് ഷായെ ‘മൃഗം’ എന്ന് വിശേഷിപ്പിച്ച കശ്യപ്, ചരിത്രം ഇയാള്‍ക്ക് മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു കശ്യപിന്റെ പ്രതികരണം.

”ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്. അയാളുടെ പൊലീസ്, കൂലിക്കെടുത്ത കുറെ ക്രിമിനലുകള്‍, സ്വന്തം സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അല്‍പ്പത്തരത്തിന്റെയും അപകര്‍ഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് അമിത് ഷാ ആണ്. ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും. ‘ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

നിരന്തരം ബിജെപിക്കെതിരെ പ്രതികരണങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് കശ്യപ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും അവരുടെ സംഘടനകളായ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് കശ്യപ് പറഞ്ഞിരുന്നു. ”അമിത് ഷായും നരേന്ദ്ര മോദിയും നിങ്ങളും നിങ്ങളുടെ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ എനിക്ക് ലജ്ജയില്ല.” എന്നായിരുന്നു കശ്യപിന്റെ ട്വീറ്റ്.

ജെ.എന്‍.യു കാമ്പസില്‍ മുഖം മൂടി ധാരികള്‍ നടകത്തിയ അക്രമത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ ട്വീറ്റ്. എബിവിപിക്കാര്‍ തന്നെ തങ്ങളാണ് ആക്രമണത്തിന് പിന്നില്‍ പ്രതികരിച്ചിരുന്നു. എന്നിട്ടും ഷായുടെ പൊലീസ് നടപടി സ്വീകരിക്കാത്തിലും അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു.

Top