ലക്ഷ്യം തെരഞ്ഞെടുപ്പ് ജയം മാത്രം; ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ പിന്തുണയുമായി അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ചിന്തയെന്നും ആളുകളെ എണ്ണാന്‍ മാത്രമേ സര്‍ക്കാരിനറിയൂവെന്നും സംവിധായകന്‍ അനുരാഗ് കശ്യപ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്നത് നീണ്ട പോരാട്ടമാണ്. ഇതിന് വളരെയധികം ക്ഷമ ആവശ്യമാണ്. നിങ്ങള്‍ ക്ഷമയോടെ മുന്നോട്ട് പോകണം. മൂന്ന് മാസം മുമ്പ് നമ്മള്‍ മരിച്ചു എന്നാണ് തോന്നിയത്. ഇവിടെ എത്തിയപ്പോള്‍ ജീവന്‍ വെച്ചുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു. നിങ്ങളുടെ വീഡിയോകള്‍ കാണുമ്പോള്‍ ധൈര്യമാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ പറയുന്നതും ചെയ്യുന്നതും രണ്ടാണ്. എത്ര മറഞ്ഞിരുന്നാലും ഒരു ദിവസം മറുപടി നല്‍കേണ്ടിവരുമെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

പൊലീസ് അടക്കമുള്ള സകല സേനകളും കേന്ദ്ര സര്‍ക്കാരിനൊപ്പമാണെന്നും ജാമിയയില്‍ അക്രമം നടത്തിയവരെ ഉടന്‍ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ ഐക്യത്തിന്റെ സൂചന ലോകത്തിന് നല്കിയിട്ടുണ്ടെന്നും കശ്യപ് അവകാശപ്പെട്ടു. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചാണ് കശ്യപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Top