മലയാള സിനിമ നാം ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണെന്ന് അനുരാഗ് കശ്യപ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും കലാമൂല്യമുളള സിനിമകള്‍ കേരളത്തില്‍ നിന്നാണ് പുറത്തിറങ്ങുന്നത് എന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. പരീക്ഷണ സിനിമകള്‍ മാത്രമല്ല മുന്‍നിര സിനിമകള്‍ പോലും വളരെ മികവ് പുലര്‍ത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുകയിരുന്നു അദ്ദേഹം.

‘ഇത്രയധികം സ്‌നേഹം ലഭിക്കുക എന്നത് തീര്‍ത്തും അതിശയകരമാണ്. ഒരു വേദിയില്‍ പ്രസംഗിക്കാന്‍ വേണ്ടി ഒരുങ്ങിയല്ല ഞാന്‍ എത്തിയത്. എന്നെ ക്ഷണിച്ചതിന് ബീനയ്ക്ക് നന്ദി. ഐഎഫ്എഫ്‌കെയുടെ എല്ലാ സംഘാടകര്‍ക്കും നന്ദി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇത് പ്രാവര്‍ത്തികമാക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നു. സമയം ഒത്തുവന്നില്ല എന്നത് മൂലം എനിക്ക് വരുവാന്‍ സാധിച്ചില്ല. എന്റെ ഏറ്റവും അടുത്ത പങ്കാളികളും സുഹൃത്തുക്കളും എല്ലാം കേരളത്തില്‍ നിന്നുമാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കലാമൂല്യമുള്ള സിനിമകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നാണ് എത്തുന്നത്. അത് തീര്‍ത്തും പ്രചോദനം ഉണ്ടാക്കുന്നതാണ്. പരീക്ഷണ ചിത്രങ്ങള്‍ മാത്രമല്ല മുന്‍നിര സിനിമകള്‍ പോലും ആ മികവ് പുലര്‍ത്തുന്നു. എന്റെ സ്വന്തം ഭാഷയായ ഹിന്ദിയില്‍ ഇത്തരം സിനിമകള്‍ കാണുവാന്‍ സാധിക്കില്ല’ അനുരാഗ് കശ്യപ് പറഞ്ഞു.

Top