മറ്റൊരു ഭാര്യയുള്ള ആളുമായി മകള്‍ക്കുണ്ടായ ബന്ധം എങ്ങനെ അംഗീകരിക്കും? അനുപമയുടെ അച്ഛന്‍

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ പ്രതികരണവുമായി അനുപമയുടെ പിതാവ് പി എസ് ജയചന്ദ്രന്‍. കുട്ടിയെ അമ്മത്തൊട്ടിലില്‍ കൊടുക്കുകയായിരുന്നെന്നും, ജനനസര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന്റെ പിതാവിന്റെ പേരും വിലാസവും മാറ്റി നല്‍കിയതാരാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘അജിത്തിന്റെ ധാര്‍മിക വശം ഒരു കുടുംബത്തിനും അംഗീകരിക്കാന്‍ പറ്റുന്നതല്ല. മറ്റൊരു ഭാര്യയുള്ള ആളുമായി മകള്‍ക്കുണ്ടായ ബന്ധം എങ്ങനെ അംഗീകരിക്കും.’ ജയചന്ദ്രന്‍ ചോദിക്കുന്നു.’

കുട്ടി ജനിക്കും മുമ്പുതന്നെ പാര്‍ട്ടിയോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. താന്‍ ഒളിവിലല്ല. ഇന്നലെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും ജയചന്ദ്രന്‍ പറഞ്ഞു. ജയചന്ദ്രന്‍ ഒളിവിലാണെന്നും, അതിനാല്‍ സംഭവത്തില്‍ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ഇന്നലെ സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു.

അതേസമയം വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഇന്ന് അനുപമയുടെ മൊഴിയെടുക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രേഖകളും രസീസുകളും ഹാജരാക്കാനും വനിതാ ശിശുവികസന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top