മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതി; പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തിയ മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശം. പരാമര്‍ശം ശ്രീകാര്യം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്നതിനാല്‍ പേരൂര്‍ക്കട പൊലീസ് ശ്രീകാര്യം പൊലീസിന് അനുപമയുടെ പരാതി കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അനുപമയുടെ അച്ഛന്റെയും അമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിക്കണമെന്നുമായിരുന്നു പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞത്. സ്ത്രീ ശാക്തീകരണത്തിനായി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വനിതാ നാടകക്കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

പ്രസംഗത്തില്‍ മന്ത്രി വ്യക്തിഹത്യ നടത്തിയെന്നാണ് അനുപമ പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. ഇതുസംബന്ധിച്ച് പേരൂര്‍ക്കട പൊലീസിലാണ് പരാതി നല്‍കിയത്. മന്ത്രി ഇല്ലാക്കഥകള്‍ പറഞ്ഞെന്നും അനുപമ പരാതിയില്‍ പറഞ്ഞു.

അതേസമയം, പരാതിയില്‍ ഇന്ന് പ്രതികരിച്ചപ്പോഴും പരാമര്‍ശത്തില്‍ പിന്നോട്ട് പോകാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. തന്റെ അഭിപ്രായ പ്രകടനം രക്ഷിതാവ് എന്ന നിലയിലാണെന്നും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരണത്തില്‍ പറഞ്ഞു.

Top