ദത്ത് വിവാദം: അനുപമ സിഡബ്യുസിക്ക് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ പരാതിക്കാരായ അനുപമയും അജിത്തും ഇന്ന് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാകും. വൈകുന്നേരം 3.30ന് എല്ലാ രേഖകളുമായി ഹാജരാകാന്‍ സിഡബ്ല്യുസി ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. മൊഴിയെടുക്കുന്നതിനു വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളത്. കേസ് പരിഗണിക്കുന്ന വഞ്ചിയൂര്‍ കുടുംബകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിഡബ്യുസി നടപടി. കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സിഡബ്യുസിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ശിശുക്ഷേമ സമിതി ഓഫീസിന് മുന്നില്‍ അനുപമ നടത്തി വരുന്ന രാപ്പകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ശിശു ദിനത്തില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന് മുന്നില്‍ കുഞ്ഞിനായി തൊട്ടില്‍കെട്ടിയായിരുന്നു ഇന്നലെ അനുപമയുടെ സമരം. സിമിതി ആസ്ഥാനത്ത് ശിശുദിനാഘോഷ പരിപാടികള്‍ നടക്കുമ്പോഴായിരുന്നു പുറത്ത് അനുപമയുടെ വേറിട്ട സമരം.

വാഗ്ദാനങ്ങളുണ്ടായെങ്കിലും ഇതുവരെ ആരും നീതിക്കായി ഇടപെട്ടില്ലെന്ന് അനുപമ പറഞ്ഞു. സമരം അനിശ്ചിതകാലത്തേക്ക് ശക്തമായി തുടരാന്‍ തന്നെയാണ് അനുപമയുടെ തീരുമാനം.

Top