ധ്രുവ് വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായക അനുപമ പരമേശ്വരന്‍

മാരി സെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ നായകനായി ധ്രുവ് വിക്രം. ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. മാരി സെല്‍വരാജ് ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമാണ്, ‘എന്റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നു, പാ രഞ്ജിത്ത് അണ്ണയും നീലം സ്റ്റുഡിയോസും അപ്പ്‌ളോസ് സോഷ്യലും എന്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.’

പ്രൊഡക്ഷന്‍ ഹൗസ് അപ്പ്‌ളോസ് സോഷ്യല്‍ കുറിച്ചത് ഇപ്രകാരം, ‘ചില പങ്കാളിത്തങ്ങള്‍ ഗെയിമിനെ പുനര്‍നിര്‍വചിക്കുന്നു, ഇത് അതിലൊന്നാണ്’. സ്‌പോര്‍ട്‌സ് ഡ്രാമാ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തൂത്തുക്കുടിയില്‍ ചിത്രീകരിക്കും. തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

‘ആദിത്യ വര്‍മ്മ’, ‘മഹാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്രുവ് വിക്രം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. 2024 മാര്‍ച്ച് 15-ന് ചിത്രീകരണം ആരംഭിക്കും.

Top