കളക്ടറെന്ന് കരുതി പൊങ്കാലയിട്ടത് നിരവധി പേര്‍; വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരന്‍

തൃശ്ശൂര്‍; കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിച്ചിരുന്നു. അതിനിടെ അദ്ദേഹത്തിനെതിരെ ജില്ലാ കളക്ടര്‍ ടി.വി അനുപമ നോട്ടീസയച്ച സംഭവവും മലയാളികള്‍ മറന്നുകാണില്ല. പ്രിയനേതാവിനെതിരെയുള്ള കളക്ടറുടെ നിലപാടില്‍ പ്രതിഷേധിച്ച് ധാരാളം ആളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പലരും അനുപമ ഐ.എ.എസ് എന്ന് കരുതി ഫേസ്ബുക്കിലൂടെ ചീത്ത വിളിച്ചത് തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ താരം അനുപമ പരമേശ്വരന്‍.

‘സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേയെന്ന് ചോദിച്ച് ധാരാളം കമന്റുകള്‍ വന്നു. പേജ് കൈകാര്യം ചെയ്യുന്ന മാനേജരാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. തൃശൂര്‍ കളക്ടറുടെയും എന്റെയും പേരിലെ സമാനതയാണ് കാരണമെന്നോര്‍ത്തപ്പോള്‍ ചിരിവന്നു. അനിയന്‍ കമന്റുകളൊക്കെ വായിച്ചു തന്നു. തമാശയായി മാത്രമേ ആ സംഭവത്തെ കണ്ടിട്ടുള്ളുവെന്നും അനുപമ പറഞ്ഞു.

ചിലര്‍ക്ക് അബദ്ധം പറ്റി. മറ്റുചിലര്‍ ബോധപൂര്‍വം പാര്‍ട്ടിക്കാരെ കളിയാക്കാന്‍ കമന്റിട്ടു. ഞാനുമായി ബന്ധമില്ലാത്ത കാര്യമായതുകൊണ്ട് പ്രതികരിച്ചില്ല. മുമ്പ് അനുപമ കളക്ടറായി ചുമതലയേറ്റെടുത്തപ്പോള്‍ ആളുമാറി ചിലര്‍ എന്നെ അഭിനന്ദിച്ചിരുന്നു.’- താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

Top