‘ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു, വേറെ കുഞ്ഞിനെ തരാമായിരുന്നില്ലേ’; വേദനയായി ആന്ധ്രാ ദമ്പതികള്‍

ഹൈദരാബാദ്: ദത്തുനല്‍കിയ കുഞ്ഞ് അനുപമയുടേതു തന്നെയെന്നു ഡിഎന്‍എ പരിശോധനാഫലം വിധിയെഴുതിയതോടെ അധ്യാപകദമ്പതികളായ ആന്ധ്രസ്വദേശികള്‍ക്ക് കുഞ്ഞുമായുണ്ടായിരുന്ന മൂന്നുമാസത്തിലേറെ നീണ്ട ബന്ധം എന്നെന്നേക്കുമായി ഇല്ലാതായി. ആ അമ്മയുടെ നെഞ്ചുവിങ്ങിയുള്ള വാക്കുകള്‍ മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നെഞ്ചില്‍ ചേര്‍ത്ത് വളര്‍ത്തിയ കുഞ്ഞിനെ പറിച്ചെടുത്ത് കൊണ്ടുപോയ വേദനയില്‍ ആ അമ്മ പറയുന്നു- ‘ഇനിയും ഇങ്ങനെ നീറാന്‍ ഇടവരുത്താതെ എത്രയും പെട്ടെന്നു ഞങ്ങള്‍ക്കു മറ്റൊരു കുഞ്ഞിനെ തരൂ. ഇത്തിരി ആശ്വാസമാകട്ടെ. ഇങ്ങനെ തുടരാന്‍ വയ്യ.’

കുഞ്ഞുമായി ബന്ധപ്പെട്ടു കേരളത്തില്‍ വലിയ ബഹളം നടക്കുകയാണെന്നറിഞ്ഞ അന്നുമുതല്‍ അവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിനെ പ്രസവിച്ച യുവതി അവനെ തിരികെക്കിട്ടാന്‍ അലയുന്നതറിഞ്ഞിട്ടും ദത്തുനല്‍കലുമായി മുന്നോട്ടുപോയ കേരളത്തിലെ അധികൃതരെയാണ് ഈ ദമ്പതികള്‍ പഴിക്കുന്നത്. ‘ഈ വേദന എങ്ങനെ സഹിക്കും; ഒരു അമ്മയുടെ വികാരങ്ങളോടാണ് അവര്‍ ഇത്ര ക്രൂരത കാട്ടിയത്.’- സ്വകാര്യ കോളജില്‍ അധ്യാപികയായ വളര്‍ത്തമ്മ വിതുമ്പുന്നു.

‘കുഞ്ഞിനെ തിരികെ കിട്ടാനുള്ള പെറ്റമ്മയുടെ ശ്രമങ്ങള്‍ കഴിഞ്ഞ ഏപ്രിലില്‍ത്തന്നെ ആരംഭിച്ചിരുന്നു എന്നാണ് ഞങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. കുഞ്ഞിനുവേണ്ടി ഓഗസ്റ്റിലാണു ഞങ്ങള്‍ കേരളത്തില്‍ പോയത്. ഞങ്ങളില്‍ നിന്ന് എല്ലാം മറച്ചുവച്ചു എന്നതാണ് അധികൃതര്‍ ചെയ്ത വലിയ തെറ്റ്. ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. മറ്റൊരു കുഞ്ഞിനെ അവര്‍ക്കു തരാമായിരുന്നല്ലോ. ഒരു തെറ്റും ചെയ്യാത്ത ഞങ്ങള്‍ക്ക് ഇത്ര വലിയ ശിക്ഷ നല്‍കേണ്ടിയിരുന്നോ? – ആ അമ്മ ചോദിക്കുന്നു.

‘ഞങ്ങളുമായി നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നതിനാല്‍ ഏറ്റെടുക്കാന്‍ വന്ന അധികൃതരുടെ കയ്യില്‍പ്പോകാന്‍ അവന്‍ സമ്മതിച്ചില്ല. ഒത്തിരി കരഞ്ഞു. പെറ്റമ്മയ്ക്കു മാത്രമേ ഒരു കുഞ്ഞിനു സ്‌നേഹവും കരുതലും നല്‍കാനാകൂ? പോറ്റമ്മയ്ക്കും അതിനു കഴിയില്ലേ?’- ശബ്ദമിടറിക്കൊണ്ടു വളര്‍ത്തമ്മ ചോദിക്കുന്നു.

‘ആ കുഞ്ഞ് മിടുക്കനാണ്. ബുദ്ധിമാനാണ്. എന്റെ ഭാര്യയുമായി ആഴത്തില്‍ അടുപ്പം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. വീട്ടില്‍ കൊണ്ടുവന്ന ദിവസം ഇപ്പോഴും ഓര്‍ക്കുന്നു. സദാ സമയവും അവളുടെ കയ്യിലായിരുന്നു. അടുത്തുനിന്നു മാറില്ല. അവന്‍ ഞങ്ങളുടെ ജീവനായിരുന്നു.- വളര്‍ത്തച്ഛനും വിതുമ്പി.

കുഞ്ഞിനെ ദത്തെടുക്കാനായി തങ്ങളുടെ ഊഴം വരുന്നതും കാത്ത് 4 വര്‍ഷമാണ് ദമ്പതികള്‍ ക്ഷമയോടെ കാത്തിരുന്നത്. താല്‍പര്യമുള്ള 3 സംസ്ഥാനങ്ങളായി ആന്ധ്രപ്രദേശ്, തെലങ്കാന, കേരള എന്നിങ്ങനെയാണ് അപേക്ഷയില്‍ നല്‍കിയിരുന്നത്. ആന്ധ്രയിലും തെലങ്കാനയിലും നീണ്ട വെയ്റ്റിങ് ലിസ്റ്റ് ആയിരുന്നതിനാല്‍ അവസാനം കേരളത്തെ തന്നെ ആശ്രയിച്ചു.

Top