ഒടുവില്‍ അനുപമയും അജിത്തും വിവാഹിതരായി; വിവാദങ്ങള്‍ക്ക് കര്‍ട്ടന്‍

തിരുവനന്തപുരം: കുഞ്ഞിനെ ദത്തു നല്‍കിയെന്ന കേസിലെ പരാതിക്കാരിയായ അനുപമയും അജിത്തും വിവാഹിതരായി. പട്ടം റജിസ്റ്റര്‍ ഓഫിസിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിക്കു ദത്തു നല്‍കിയെന്ന അനുപമയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കുഞ്ഞ് ജനിക്കുമ്പോള്‍ അജിത്, ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നില്ല. വിവാഹിതനായ ആളുമായുള്ള ബന്ധം അനുപമയുടെ കുടുംബം അംഗീകരിച്ചില്ല.

കുട്ടിയെ തന്നില്‍നിന്നും വേര്‍പെടുത്തി ശിശുക്ഷേമ സമിതിക്കു ദത്തു നല്‍കിയെന്നായിരുന്നു അനുപമയുടെ പരാതി. ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ അനുപമയും അജിത്തും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കുടുംബക്കോടതിയില്‍ സമര്‍പിച്ചു.

ഡിഎന്‍എ പരിശോധനാഫലം അനുകൂലമായതോടെ ആന്ധ്രയിലെ ദമ്പതികള്‍ ദത്തെടുത്ത കുട്ടിയെ കോടതിയുടെ അനുമതിയോടെ അനുപമയ്ക്കു മടക്കി നല്‍കുകയായിരുന്നു.

Top