ദത്ത് വിവാദം; ഷിജു ഖാനെതിരെ നിലപാട് കടുപ്പിച്ച് അനുപമ, മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഷിജു ഖാനെതിരെ നടപടി വേണമെന്ന് അനുപമ. ഷിജു ഖാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ക്രൂരതയാണ്.

ഷിജു ഖാനെ സഹായിച്ച ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. ഷിജു ഖാനെതിരെ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ വ്യക്തമാക്കി. ആന്ധ്രയിലെ ദമ്പതികളെയും ശിശുക്ഷേമസമിതി അധികൃതര്‍ വഞ്ചിച്ചു.

ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണെന്ന് അനുപമ ആരോപിച്ചു. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അനുപമ വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം ദത്ത് വിവാദത്തിലെ കുഞ്ഞിനെ ഇന്നു കേരളത്തിലെത്തിലെത്തിക്കും. കഴിഞ്ഞദിവസം കേരളത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘത്തിനു ആന്ധ്രയിലെ ദത്തെടുത്ത ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയിരുന്നു.

ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ കുഞ്ഞിന്റെ ഡി.എന്‍.എ ടെസ്റ്റ് നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. ഡിഎന്‍എ പരിശോധനക്കായി ആദ്യം കുഞ്ഞിന്റെ സാംപിളാണ് ശേഖരിക്കുക.

പരാതിക്കാരായ അനുപമ എസ്.ചന്ദ്രന്‍, അജിത്ത് കുമാര്‍ എന്നിവരുടെ സാമ്പിള്‍ ശേഖരിക്കാനും നോട്ടിസ് നല്‍കും. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. അതുവരെ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറിനാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല.

Top