കുഞ്ഞിനെ കടത്തിയതില്‍ ശിശുക്ഷേമ സമിതിക്കും പങ്ക്, ഡിവൈഎഫ്‌ഐ നേതാവിനെതിരെ അമ്മ 

തിരുവനന്തപുരം: കുഞ്ഞിനെ കടത്തുന്നതിന് തന്റെ മാതാപിതാക്കള്‍ക്ക്, ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും കൂട്ടുനിന്നെന്ന ഗുരുതര ആരോപണവുമായി അമ്മയായ പേരൂര്‍ക്കട സ്വദേശിനി അനുപമ. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായ ഷിജുഖാനെതിരെയാണ് അനുപമ രംഗത്തുവന്നത്.

നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും, അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ അനുപമ പറഞ്ഞു.

നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും, പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറയുന്നതെന്നുമാണ് അനുപമയുടെ അഭിപ്രായം. പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗവുമായ മാതാവ് സ്മിതാ ജയിംസും ഷിജുഖാനുമായി ചേര്‍ന്നു കുഞ്ഞിനെ കടത്താന്‍ കൂട്ടു നില്‍ക്കുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നു ഏപ്രിലില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ പറയുന്നു. നിലവിലെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു ഷിജു ഖാന്റെ നിലപാട്.

Top