anupam kher – Srinagar NIT

ശ്രീനഗര്‍: ശ്രീനഗര്‍ എന്‍ഐടി ക്യാമ്പസ് സന്ദര്‍ശിക്കാനുള്ള ബോളിവുഡ് താരം അനുപം ഖേറിന്റെ നീക്കം പോലീസ് തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് അദ്ദേഹത്തെ തടഞ്ഞത്.

എന്‍ഐടി വിദ്യാര്‍ഥികള്‍ക്കുനേര്‍ക്ക് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കാമ്പസില്‍ സന്ദര്‍ശനം നടത്തുമെന്ന് അനുപം ഖേര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കാമ്പസില്‍ ആളുകള്‍ സംഘം ചേരുന്നത് തടയണമെന്ന് നിര്‍ദേശമുണ്ടെന്നു ചൂണ്ടിക്കാട്ടി അനുപം ഖേറിനെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. കാമ്പസിന്റെ ഗേറ്റില്‍ സൈന്യം കാവല്‍ നില്‍ക്കുന്നുണ്ട്.

ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത് ഒരുകൂട്ടം കാഷ്മീരി വിദ്യാര്‍ഥികള്‍ ആഘോഷിച്ചതിനെ തുടര്‍ന്നാണ് കാമ്പസില്‍ സംഘര്‍ഷം ആരംഭിച്ചത്.

പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതിഷേധവുമായി മറ്റൊരുവിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രണാതീതമായതോടെ സര്‍ക്കാര്‍ ക്രമസമാധാന ചുമതല സിആര്‍പിഎഫിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേര്‍ക്ക് ലാത്തിച്ചാര്‍ജും നടന്നു.

ഇതേതുടര്‍ന്ന് ശ്രീനഗര്‍ എന്‍ഐടി കാഷ്മീരിനു പുറത്തേക്കു മാറ്റണമെന്ന്, സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്രം തള്ളി. എന്‍ഐടി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം തിങ്കളാഴ്ച എന്‍ഐടി ഗവര്‍ണര്‍മാരുടെ ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്.

Top