അനു ജോര്‍ജ് ഇനി സ്റ്റാലിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി; ആശംസയുമായി വീണ ജോര്‍ജ്

പത്തനംതിട്ട: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി പാലാ പൂവരണി മുണ്ടമറ്റത്ത് അനു ജോര്‍ജ്. ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് അനു ജോര്‍ജ്. ഈ ഐഎഎസ് ഉദ്യോഗസ്ഥയുമായി ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനുള്ളത് അടുത്ത ബന്ധമുണ്ട്. ഇരുവരും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രീഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവര്‍. ഹോസ്റ്റലിലും ഒരുമിച്ചായിരുന്നു.

സിവില്‍ സര്‍വീസ് എന്ന സ്വപ്നം 2002ലാണ് അനു ജോര്‍ജ് യാഥാര്‍ഥ്യമാക്കിയത്. ആദ്യം റവന്യു സര്‍വീസില്‍ ഇടംപിടിച്ച അനു 2005ല്‍ 25ാം റാങ്കോടെ ഐഎഎസ് നേടി. അനു ജോര്‍ജിന്റെ സിവില്‍ സര്‍വീസ് സ്വപ്നത്തെക്കുറിച്ച് നന്നായി അറിഞ്ഞിരുന്നുവെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറയുന്നു. ഇടയ്ക്ക് ചെന്നൈയില്‍ പോയി കണ്ടിരുന്നു. ഇപ്പോഴത്തെ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷമുണ്ട്. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അനുവിന്റേത്– വീണാ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നിലവില്‍ ചെന്നൈയില്‍ അഡീഷണല്‍ സെക്രട്ടറി- പ്രൊട്ടോക്കോള്‍ വിഭാഗത്തിലാണ് അനു ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി.

തമിഴ്‌നാട്ടില്‍ തിരുപ്പത്തൂര്‍, കടലൂര്‍ ജില്ലകളില്‍ അസി. കലക്ടറായിരുന്നു. അരിയാല്ലൂര്‍ കലക്ടര്‍ ആയിരിക്കുമ്പോള്‍ അങ്കണവാടി നിയമനത്തില്‍ കൈക്കൂലി വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. മികച്ച കലക്ടര്‍ക്കുള്ള പുരസ്‌കാരവും അനു ജോര്‍ജ് നേടിയിട്ടുണ്ട്.

 

Top