അനു ചന്ദ്രൻ സ്ത്രീകൾക്ക് ഒരു പ്രചോദനമാണ്; ചൂഷണം ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പും!

തെങ്കിലും ഒരുത്തൻ, ശരീരത്തിൽ നോട്ടത്തിന്റെ ആണ്കൂത്തുമായി വന്നാൽ പോടാ **** എന്നു വിളിക്കാനുള്ള തന്റേടം. അത് കേട്ടാൽ തല കുനിയ്ക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി,” അനു ചന്ദ്ര എന്ന ഈ പെൺകുട്ടിയുടെ വാക്കുകൾ കേരളത്തിലെ സ്ത്രീകൾക്ക് മുഴുവൻ ഊർജം പകരുന്ന ഒന്നാണ്.

സിനിമയിലേക്ക് സ്ത്രീകൾ പോയാൽ പിന്നെ നോക്കണ്ട, വഴി പിഴച്ചത്‌ തന്നെ. ഇവളുമാര് ഒക്കെ വെറും രണ്ടാംകിട വേശ്യകൾക്ക് തുല്യമാണെന്ന് പറയുന്ന നാട്ടു നടപ്പാണ് നമ്മളിൽ പലരുടെയും മനസ്സിൽ ഉള്ളത്. അലിസാ മിലാനോ ഹോളിവുഡിൽ തിരി കൊടുത്ത മീ ടൂ ക്യാമ്പയിൻ, ഇന്ന് രാജ്യങ്ങളും ദേശങ്ങളും സംസ്കാരങ്ങളും സഞ്ചരിച്ചു ഇങ്ങു ഭാരതത്തിൽ എത്തി കഴിഞ്ഞു. പല പ്രമുഖർക്ക് നേരെയും ആരോപണങ്ങളും ആക്ഷേപങ്ങളും ഉയരുന്ന സാഹചര്യത്തിൽ, അനു ചന്ദ്രൻ എന്ന മലയാളം സിനിമയിലെ സഹ-സംവിധായികയുടെ ഈ വാക്കുകൾ ഏറെ പ്രസക്‌തമാണ്. പൊതു ഇടങ്ങളിൽ എന്ന പോലെ സിനിമ, ആൺ മേൽക്കോയ്മയുടെയും താരരാജാക്കന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും മാത്രം ഒരു സാമ്രാജ്യമായി ചുരുങ്ങുമ്പോൾ അവിടെ പ്രയത്നത്തിന്റെയും കഴിവിനെയും ആത്മവിശ്വാസത്തിന്റെയും മാത്രം മുതൽകൂട്ടുമായി എത്തുന്ന സ്ത്രീകളിൽ പലരുടെയും അവസ്ഥ അപലപനീയമാണെന്ന് പറയേണ്ടതില്ല. മറ്റേതൊരു മേഖലയെക്കാളും ചൂഷണങ്ങളും ആക്രമണങ്ങളും ഒക്കെ നില നിൽക്കുന്ന ഒരു ഇടമാണ് സിനിമ എന്നത് ഈ കഴിഞ്ഞ ദിവസങ്ങളിൽ ലോകം അറിഞ്ഞു കഴിഞ്ഞു. അവസരത്തിന് വേണ്ടി കിടക്ക പങ്കിടാൻ തയ്യാറാവുന്നവരുടെ കാര്യം തല്ക്കാലം മാറ്റി വയ്ക്കുന്നു. എന്നാൽ അന്തസ്സോടെ സ്വന്തം കഴിവുകളുടെ മാത്രം ബലത്തിൽ തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുകളേകാൻ എത്തുന്നവരുടെ സ്വപ്നങ്ങൾക്ക് മേൽ കരി നിഴൽ വീഴ്ത്തുന്നവരോട് ക്ഷമിക്കാൻ കഴിയില്ല. ഏതൊരു സഹ ജീവിയേയും പോലെ സ്വപ്നം കാണാനും ആ സ്വപ്നത്തിനായി പ്രയത്നിക്കാനും അവകാശമുള്ള സ്ത്രീകളെ വെറും 50 കിലോ ഇറച്ചിയുടെ മാത്രം വില നൽകി ചൂക്ഷണം ചെയ്യാൻ ശ്രമിക്കുന്നവർക്ക് അനുവിന്റെ ഈ ആത്മവിശ്വാസം ഒരു പാഠം ആകട്ടെ.

സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണം വിരലിൽ എണ്ണാവുന്നതാണെന്ന് പ്രത്യേകമായി പറയേണ്ടതില്ല. സിനിമ എന്ന സ്വപ്നവുമായി 20-ാം വയസ്സിൽ സംവിധാനത്തിൽ അസ്സിസ്റ് ചെയ്യാൻ എത്തിയ അനുവിന് സിനിമ എന്ന ഗ്ലാമറിന് അപ്പുറം ഉള്ള ചൂക്ഷണങ്ങൾ മനസിലായി. സിനിമയുടെ പിന്നാമ്പുറത്ത് സംവിധാനത്തിന്റെ ആദ്യ പാഠങ്ങൾ പഠിക്കാൻ ആരംഭിച്ചപ്പോഴ്, അതിന്റെ ഇടയിൽ തന്നെ ചൂക്ഷണം ചെയ്യാൻ തക്കംപാത്തിരുന്ന കഴുകന്റെ കണ്ണുകളെ കുറിച്ചും അനു തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. സിനിമയുടെ ഏറ്റവും താഴെ തട്ടിൽ ഉള്ള തൊഴിലാളികൾ പോലും ശരീരത്തിന്റെ മാത്രം വിലയിൽ തന്നെ അളന്നു തൂക്കി. സംവിധാനം എന്ന കല സായാത്തമാക്കാൻ എത്തിയ തന്നെ, വെറും ജനനേന്ദ്രിയമായി മാത്രം കാണുന്ന ഒരു പറ്റം ആളുകളെ അവൾ ഏറെ ഞെട്ടലോടെയാണ് നോക്കി കണ്ടത്. മറ്റൊരിക്കൽ ഒരു ചിത്രത്തിന്റെ സഹ സംവിധായകൻ തന്നോട് കൂടെ കിടക്കാൻ ആവശ്യപ്പെട്ടപ്പോൾ, സിനിമ എന്ന സ്വപ്നം പാതി വഴിയിൽ ഉപേക്ഷിച്ചു അനു മടങ്ങി. പിന്നെ ഉള്ള രണ്ടു വർഷങ്ങൾ അവർ ഇതിനെ തിരിച്ചും മറിച്ചും ഇട്ടു ചിന്തിച്ചു. ചൂക്ഷണം ചെയ്യപ്പെടും എന്ന ഭീതിയിൽ സ്വപ്നങ്ങൾക്ക് മേൽ തിരശീല വീഴ്ത്താൻ ഒരുങ്ങുന്ന ഒട്ടേറെ പെൺകുട്ടികളിൽ ഒരാളാകാൻ അവൾ തയ്യാറല്ലായിരുന്നു. അതുകൊണ്ട് തന്നെ, അവൾ തീരുമാനിച്ചു. തന്നെ ചൂഷണം ചെയ്യാൻ ഒരാൾക്കും കഴിയില്ല. ശക്തമായി തന്നെ താൻ നിൽക്കും. ചൂഷണം ചെയ്യപ്പെടും എന്ന പേടിയിൽ ഒരു ആയുസ്സിന്റെ സ്വപ്നം മുഴുവൻ ഒളിപ്പിച്ചു വെക്കാൻ കഴിയില്ല.

സ്ത്രീകളെ ഒരു കഷ്ണം മാംസത്തിന്റെ മാത്രം വില കൽപ്പിക്കുന്ന പുരുഷന്മാർക്കും(അത്തരക്കാരെ ‘പുരുഷൻ’ എന്ന് വിളിക്കാൻ കഴിയുമോ എന്ന് അറിയില്ല) സ്ത്രീകളെ ചൂക്ഷണം ചെയ്യാൻ തക്കം പാത്തിരിക്കുന്ന കഴുകന്മാർക്കുമുള്ള ചെകിടത്തടി തന്നെയാണ് അനുവിന്റെ ഈ വാക്കുകൾ, “ഏതെങ്കിലും ഒരുത്തൻ, ശരീരത്തിൽ നോട്ടത്തിന്റെ ആണ്കൂത്തുമായി വന്നാൽ പോടാ **** എന്നു വിളിക്കാനുള്ള തന്റേടം. അത് കേട്ടാൽ തല കുനിയ്ക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി.” അനുവിനെ പോലെ ചങ്കുറപ്പുള്ള സ്ത്രീകൾ ഇനിയും ഉണ്ടാവട്ടെ. ചൂഷണങ്ങൾ ഭയന്ന് മാളത്തിൽ ഒളിക്കുകയല്ല വേണ്ടത്, മറിച്ചു അവയെ പൊരുതി ജയിച്ചു, സ്വന്തം ഇടം നേടിയെടുക്കുകയാണ്. കരയുന്ന കുഞ്ഞിന്‌ പാല് ലഭിച്ച ചരിത്രം ഉള്ളു. അതിനാൽ തന്നെ തങ്ങളുടെ അവകാശങ്ങൾക്കായി ശക്തമായി പോരാടുക. പ്രതീക്ഷയുടെ പുതിയ നാമ്പുകൾ വിടരാൻ ആരംഭിച്ചു കഴിഞ്ഞു, ഇനി അവയെ സംരക്ഷിക്കാൻ കൈ കോർക്കുകയെ വേണ്ടൂ!

Top