ആഗ്രഹിച്ച സ്വപ്നം 2020 പൂവണിയും; പുതുവര്‍ഷ ദിനത്തില്‍ സന്തോഷം പങ്കുവെച്ച് ആന്റണി

പുതുവര്‍ഷ ദിനത്തില്‍ സന്തോഷം പങ്കുവെച്ചും ആശംസ നേര്‍ന്നും നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ നടന്‍ ആന്റണി വര്‍ഗീസും തന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മേരി ജാന്‍’ അനൗണ്‍സ് ചെയ്തിരിക്കുകയാണ് ആന്റണി വര്‍ഗീസ്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘പുതുവര്‍ഷമാകാന്‍ കുറച്ചു മണിക്കൂറുകള്‍ മാത്രം… ഈ അവസരത്തില്‍ ചെറിയൊരു സന്തോഷം പങ്കുവയ്ക്കുന്നു…’ എന്ന് പറഞ്ഞുകൊണ്ടുളള കുറിപ്പോടുകൂടിയാണ് താരം പുതിയ ചിത്രം വെളിപ്പെടുത്തിയത്.

ആന്റണി വര്‍ഗീസിനെ നായകനാക്കി നര്‍മ്മത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് മേരി ജാന്‍. നവാഗതനായ അഭിഷേക് കെ. എസ് ആണ് സംവിധാനം ചെയുന്നത്. ഡോ. പോള്‍സ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനുരാജ് ഒ ബിയുടേതാണ് രചന.

ആന്റണി വര്‍ഗീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുതുവര്‍ഷമാകാന്‍ കുറച്ചു മണിക്കൂറുകള്‍ മാത്രം. ഈ അവസരത്തില്‍ ചെറിയൊരു സന്തോഷം പങ്കുവയ്ക്കുന്നു. സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാളായ അഭിഷേക് പടം എടുക്കുന്നു. പ്രധാനകഥാപാത്രമായി ഞാന്‍ അഭിനയിക്കുന്നു. അഭിടെ ഷോര്‍ട്ട് ഫിലിമിലൂടെ തുടങ്ങിയ യാത്ര അവന്റെ കൂടെയുള്ള ആദ്യ സിനിമയില്‍ എത്തി നില്‍ക്കുന്നു. അന്ന് കുറേ ആഗ്രഹിച്ച സ്വപ്നം 2020 ല്‍ നടക്കുന്നു. ഡോ. പോള്‍സ് എന്റര്‍ടൈന്‍മെന്റ് ന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നമ്മടെ അനിയനെ പോലെയുള്ള അനുരാജ് ആണ് തിരക്കഥ ഒരുക്കുന്നത്. അപ്പോള്‍ ഇതാ ഞങ്ങളുടെ സിനിമ ‘മേരി ജാന്‍’.

Top