തെലുങ്കിലേക്ക് ചുവടുവച്ച് ആന്റണി വര്‍ഗീസ്;രാം ചരണ്‍ നായകനാകുന്ന ആര്‍സി 16 എന്ന ചിത്രത്തിലേക്ക്

തെലുങ്കിലേക്ക് ചുവടുവച്ച് ആന്റണി വര്‍ഗീസ്. രാം ചരണ്‍ നായകനാകുന്ന ആര്‍സി 16 എന്ന ചിത്രത്തിലൂടെയാകും ആന്റണി വര്‍ഗീസിന്റെ തെലുങ്ക് അരങ്ങേറ്റം. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആന്റണി വര്‍ഗീസിനെ സമീപിച്ചതായും സിനിമയിലെ സുപ്രധാന കഥാപാത്രത്തെയാകും നടന്‍ അവതരിപ്പിക്കുക എന്നും ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയില്‍ ഒരു കഥാപാത്രത്തിനായി ലോകേഷ് കനകരാജ് അന്റണി വര്‍ഗീസിനെ സമീപിച്ചിരുന്നു. എന്നാല്‍ നടന്റെ ഡേറ്റ് ക്ലാഷ് മൂലം ആ വേഷം അര്‍ജുന്‍ ദാസാണ് അവതരിപ്പിച്ചത്.

അതേസമയം ആര്‍സി 16 ന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന സിനിമയില്‍ ബോളിവുഡ് താരം ജാന്‍വി കപൂറാണ് നായിക. ആന്റണി വര്‍ഗീസിന് പുറമെ ബോളിവുഡ് താരം ബോബി ഡിയോള്‍, കന്നഡ താരം ശിവരാജ്കുമാര്‍ എന്നിവരും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എ ആര്‍ റഹ്‌മാനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top