കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നഗരത്തിലെ പ്രധാന ബസ് സ്‌റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ എല്ലാം തന്നെ ഒരു പ്രത്യേക നിറത്തില്‍ ഉള്ളവയായിരിക്കും. കൂടാതെ ഓരോ റൂട്ടും ഓരോ കളറിലാകും അറിയപ്പെടുകയെന്നും മന്ത്രി അറിയിച്ചു. മാത്രവുമല്ല, ഈ ബസുകളില്‍ സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി കൂടുതല്‍ യാത്രാക്കാര്‍ക്ക് നിന്ന് യാത്രചെയ്യുന്ന തരത്തിലാണ് ബസുകള്‍ രൂപ കല്‍പ്പന ചെയ്യുന്നത്. ഇതിന്റെ നിര്‍മ്മാണ പുരോഗതി സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ നേരിട്ടെത്തി ഗതാഗതമന്ത്രി വിലയിരുത്തി.

ഓരോ റൂട്ടുകള്‍ക്കും ബ്ലൂ, റെഡ്, ഓറഞ്ച്, പര്‍പ്പിള്‍ എന്നീ നിറങ്ങളാകും നല്‍കുക. കൃത്യമായ ഇടവേളകളില്‍ ജനങ്ങള്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ആദ്യഘട്ടത്തില്‍ ഏഴ് സര്‍കുലര്‍ റൂട്ടുകളിലാണ് സര്‍വ്വീസ് ആരംഭിക്കുക. തുടര്‍ന്ന് 15 റൂട്ടുകളില്‍ സര്‍വ്വീസ് നടത്തും.

യാത്രക്കാര്‍ക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികള്‍ ഉള്ളതുമായ ലോ ഫ്‌ളോര്‍ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. ഉദ്ദേശം 200 ബസുകളാണ് ഇതിന് വേണ്ടി ആവശ്യം വരുക. മെച്ചപ്പെട്ട യാത്ര ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകളില്‍ യാത്രാക്കാര്‍ക്ക് ഒരു നിശ്ചിത തുകയ്ക്ക് ഏകദിന യാത്രപാസ് ഏര്‍പ്പെടുത്തുന്നതും പരിഗണനയില്‍ ആണെന്നും മന്ത്രി അറിയിച്ചു. ഈ യാത്രാ പാസ് ഉപയോഗിച്ച് ഒരു ദിവസം തന്നെ എല്ലാ സര്‍കുലര്‍ റൂട്ടുകളിലും യാത്രചെയ്യാനാകുമെന്നും മന്ത്രി അറിയിച്ചു.

Top